കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യ, തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) പുറത്തിറക്കി. 2024 ജൂൺ അവസാനം വരെയുള്ള റിപ്പോർട്ട് പ്രകാരം കുവൈത്തിലെ മൊത്തം ജനസംഖ്യ 4.919 ദശലക്ഷമാണ്. 2023 അവസാനത്തിൽ ഇത് 4.860 ദശലക്ഷമായിരുന്നു. 1.2 ശതമാനം അർധ വാർഷിക വളർച്ച ഇതിലുണ്ടായി. 2022ലെ 8.0 ശതമാനത്തേക്കാൾ 2023ൽ മൊത്തം ജനസംഖ്യ 2.6 ശതമാനം വർധനയും കൈവരിച്ചു.
കുവൈത്തികളുടെ ജനസംഖ്യയിൽ 13,700 പേർ വർധിച്ചു ഈ വർഷം ആദ്യ പകുതിയിൽ 1.560 ദശലക്ഷത്തിലെത്തി. 0.9 ശതമാനമാണ് വളർച്ച നിരക്ക്. അതേസമയം മൊത്തം ജനസംഖ്യ 2023 അവസാനത്തിലെ 31.8 ശതമാനത്തിൽനിന്ന് 31.7 ശതമാനമായി കുറഞ്ഞു. കുവൈത്ത് സ്ത്രീകളുടെ എണ്ണം 7,94,000 ആണ്, പുരുഷന്മാരുടെ എണ്ണം 7,65,900.
കുവൈത്ത് ഇതര ജനസംഖ്യ 3.359 ദശലക്ഷം ആളുകളിലെത്തി. 45,300 പേരുടെ വർധന ഇതിലുണ്ടായി. 1.4 ശതമാനമാണ് വളർച്ചനിരക്ക്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 61.9 ശതമാനവും തൊഴിലാളികളാണ്. 3.044 ദശലക്ഷമാണ് തൊഴിലാളികളുടെ എണ്ണം. ഇതിൽ 32.5 ശതമാനമാണ് കുവൈത്തികളുടെ സ്ഥാനം. മൊത്തം ജനസംഖ്യയിൽ 75.6 ശതമാനവും കുവൈത്ത് ഇതര തൊഴിലാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.