കുവൈത്ത് സിറ്റി: ഡെലിവറി ബൈക്കുകൾ അപകടത്തിൽപെടുന്നത് വർധിക്കുന്നതായി ഗതാഗതവകുപ്പ്. ഡെലിവറി മോട്ടോർ ബൈക്ക് ഒാടിക്കുന്നവർ റോഡുകളിൽ സുരക്ഷയും നിയമങ്ങളും പാലിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ട്രാക്ക് തെറ്റിക്കുന്നതും അമിതവേഗതയിൽ പായുന്നതും അപകടത്തിന് കാരണമാകുന്നു.
വാഹനങ്ങൾക്കിടയിലൂടെ ട്രാക്ക് തുടർച്ചയായി മാറി കുതിക്കുകയാണ് ബൈക്കുകൾ. ഇത് മറ്റു വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നു. കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾ കാരണം ഡെലിവറി സർവിസുകൾ വർധിച്ചിട്ടുണ്ട്. ബൈക്കുകൾ ഉപയോഗിച്ചാണ് ഭൂരിഭാഗം ഹോം ഡെലിവറി സേവനങ്ങളും നടത്തുന്നത്.
കർശന നടപടികൾക്ക് ഒരുങ്ങുകയാണ് ഗതാഗതവകുപ്പ്. ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവേശനം വിലക്കുന്നതും ഒരു ഗവർണറേറ്റിൽനിന്ന് മറ്റൊന്നിലേക്ക് കടക്കാൻ അനുവദിക്കാതിരിക്കുന്നതും ഉൾപ്പെടെ നടപടികളാണ് ആലോചിക്കുന്നത്. ബൈക്ക് അപകടങ്ങൾ പത്തുവർഷത്തിനിടെ കുത്തനെ ഉയർന്നിട്ടുണ്ട്. ചൂടോടെ ഭക്ഷണം വീട്ടിലും ഒാഫിസിലും എത്തിച്ചുനൽകുന്ന റസ്റ്റാറൻറുകളുടെ ശൃംഖല അടുത്തിടെ ഉണ്ടായിട്ടുണ്ട്. വെബ്സൈറ്റ് വഴിയും മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴിയും ഒാർഡർ ചെയ്യാം.
പൊതുവെ ഡെലിവറി ജീവനക്കാരുടെ ശമ്പളം ആകർഷകമല്ല. നല്ല സർവിസിന് ഉപഭോക്താക്കൾ നൽകുന്ന കമീഷനാണ് ആശ്വാസം. ഭക്ഷണം ചൂടോടെ ഏറ്റവും വേഗത്തിൽ എത്തിക്കുന്നത് ഉപഭോക്താക്കളുടെ തൃപ്തി വർധിപ്പിക്കും.
തൃപ്തരല്ലാത്ത ഉപഭോക്താക്കൾ ആപ്ലിക്കേഷനിൽ റേറ്റിങ് താഴ്ത്തും. മുഴുസമയ ഡെലിവറി ജീവനക്കാർക്ക് സ്ഥാപനങ്ങൾ ഇൻഷുറൻസ് ഉറപ്പുവരുത്താറുണ്ട്. പാർട്ട്ടൈം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയുമില്ല. സാധനം എത്തിക്കാൻ അൽപം വൈകിയാൽ ജോലിതന്നെ നഷ്ടപ്പെടുമെന്നാണ് ഡെലിവറി ജീവനക്കാർ പറയുന്നത്. ഉപഭോക്താക്കൾ ബ്ലോക്ക് നമ്പറും സ്ട്രീറ്റ് നമ്പറും തെറ്റിച്ച് പറഞ്ഞ് പലപ്പോഴും സമയം പാഴാവാറുണ്ട്.
ഇതും ഒാട്ടപ്പാച്ചിലിന് കാരണമാകുന്നു. നിവൃത്തികേടുകൊണ്ടാണ് ഡെലിവറി ജീവനക്കാർ ജീവൻ പണയംവെച്ച് ട്രാക്ക് തെറ്റിച്ചും വാഹനങ്ങൾക്കിടയിലൂടെ ഉൗളിയിട്ട് പറക്കുന്നത്.എന്നാൽ, അപകടങ്ങൾ വർധിച്ചതോടെ കർശന നടപടികളിലേക്ക് നീങ്ങാൻ അധികൃതർ നിർബന്ധിതരാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.