കുവൈത്ത് സിറ്റി: കുവൈത്തിൽ ആറാമത് ബാച്ച് ഫൈസർ, ബയോൺടെക് വാക്സിൻ ഞായറാഴ്ച എത്തും.എല്ലാ ആഴ്ചകളിലും ഷിപ്മെൻറ് നടത്താമെന്ന് ഫൈസർ, ബയോൺടെക് കമ്പനി കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ധാരണയായിട്ടുണ്ട്. രാജ്യത്തെ വാക്സിനേഷൻ ദൗത്യം വേഗത്തിലായിട്ടുണ്ട്.
ജനസംഖ്യയുടെ 5.5 ശതമാനത്തിന് ഇതിനകം വാക്സിൻ നൽകി. നേരേത്ത ഫൈസർ കമ്പനി വാക്സിൻ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചത് കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലെ കുത്തിവെപ്പ് ദൗത്യത്തെ മന്ദഗതിയിലാക്കിയിരുന്നു. ഇപ്പോൾ അവർ ഉൽപാദനം പുനരാരംഭിച്ചിട്ടുണ്ട്. 15 കുത്തിവെപ്പ് കേന്ദ്രങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി ഇറക്കുമതി ചെയ്ത കോവിഡ് വാക്സിൻ ഫൈസർ, ബയോൺടെക് ആണ്. ഫൈസർ വാക്സിൻ മറ്റു വാക്സിനുകൾക്ക് സമാനമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാവുമെന്നും അത് അപകടകരമല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നുവെങ്കിലും ഇതുവരെ കുവൈത്തിൽ ആർക്കും വാക്സിൻ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ല.
പത്തുലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.