കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ളവരുടെ വിസ പുതുക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യവുമായി കൂടുതൽ പാർലമെൻറ് അംഗങ്ങൾ.
60ന് മേൽ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കാൻ 2000 ദിനാർ ഫീസ് ഇൗടാക്കുമെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന ആവശ്യമാണ് നിരവധി സ്വദേശികളിൽനിന്നും പാർലമെൻറ് അംഗങ്ങളിൽനിന്നും ഉയരുന്നത്.
ഇൗ ആവശ്യം ഉന്നയിച്ച് അദ്നാൻ അബ്ദുൽ സമദ് എം.പി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കത്തയച്ചു. മുഹൽഹൽ അൽ മുദഫ്, അബ്ദുൽ കരീം അൽ കൻദരി തുടങ്ങിയ എം.പിമാരും നേരത്തെ വിഷയത്തിൽ രംഗത്തെത്തിയിരുന്നു.
60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് ഇഖാമ പുതുക്കാൻ 2000 ദിനാർ ഫീസ് നൽകണമെന്ന വ്യവസ്ഥ അപ്രായോഗികമെന്നാണ് വിമർശനം. ഉന്നത വിദ്യാഭ്യാസമില്ലാത്തതിനാൽ ഇവരിൽ അധികവും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്.
ശരാശരി 200 ദിനാർ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് 2000 ദിനാർ കൊടുത്തു വർക്ക് പെർമിറ്റ് പുതുക്കാനാകില്ല. ആരോഗ്യ ഇൻഷുറൻസ് തുക ഇതിനു പുറമെ നൽകണം.
റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികംപേരും തൊഴിലെടുക്കുന്നത്. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമായപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടി വന്നു.കഴിഞ്ഞ ജനുവരി മുതലാണ് പ്രായപരിധി നിബന്ധന പ്രാബല്യത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.