കുവൈത്ത് സിറ്റി: കുവൈത്ത് ഇഖാമയുള്ള മൂന്നര ലക്ഷത്തോളം പേർ രാജ്യത്തിന് പുറത്ത്. അവധിക്ക് നാട്ടിൽ പോയി യാത്രാവിലക്ക് കാരണം തിരിച്ചുവരാൻ കഴിയാത്തവരാണ് ഇത്രയും പേർ. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഒന്നര ലക്ഷം പേർ സ്ഥിരമായി കുവൈത്ത് വിട്ടു.ഇഖാമ പുതുക്കാൻ കഴിയാത്തവരും തൊഴിൽ നഷ്ടപ്പെട്ടും മറ്റും കുവൈത്ത് പ്രവാസം അവസാനിപ്പിച്ചവരുമാണ് ഒന്നരലക്ഷം പേർ. വിദേശികളുടെ വരവ് മുടങ്ങിയതിനാൽ വിവിധ തൊഴിൽ മേഖലകളിൽ തൊഴിലാളിക്ഷാമവും അതുമൂലമുള്ള പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്.കാർഷിക, മത്സ്യബന്ധന മേഖലയിലാണ് ഏറ്റവും പ്രശ്നം നേരിടുന്നത്.
റസ്റ്റാറൻറുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയിലും തൊഴിലാളികളുടെ കുറവുണ്ട്. ഉള്ളവർ അവധിയെടുത്തിട്ട് ഏറെ നാളായി. തിരിച്ചുവരേണ്ടത് തൊഴിലാളികളുടെയും ആവശ്യമാണ്.മാസങ്ങളായി നാട്ടിൽ കുടുങ്ങി ജോലിയും വരുമാനവും ഇല്ലാതായവർ പിടിച്ചുനിൽക്കാൻ പാടുപെടുന്നുണ്ട്. നാട്ടിലെയും സ്ഥിതി മെച്ചമല്ല. ഘട്ടം ഘട്ടമായെങ്കിലും വിദേശികൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സ്വദേശി സംരംഭകർ ആവശ്യപ്പെടുന്നു.
നിയന്ത്രിതമായി പ്രവേശനം അനുവദിക്കുകയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കുകയും ചെയ്താൽ പുതുതായി വരുന്നവരിലൂടെ വൈറസ് പടരുന്നത് തടയാമെന്നാണ് ഇവരുടെ വാദം. അവരുടെ സംരംഭങ്ങൾ പ്രതിസന്ധി നേരിടുന്നതുകൊണ്ട് കൂടിയാണ് ഇൗ ഇടപെടൽ.വിദേശ തൊഴിലാളികളെ ആശ്രയിച്ചുള്ള തൊഴിൽ മേഖലകളാണ് ഏറെ പ്രതിസന്ധി അനുഭവിക്കുന്നത്. വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതും നിർത്തിവെച്ചിരിക്കുകയാണ്.
നാട്ടിൽ കുടുങ്ങിയവരുടെ ഇഖാമ, സ്പോൺസർക്കോ കമ്പനിക്കോ ഒാൺലൈനായി പുതുക്കാൻ കഴിയും.സ്പോൺസർ ചെയ്യാത്തതുകൊണ്ടോ കമ്പനിയുടെ ഫയൽ മരവിപ്പിച്ചുകിടക്കുന്നതുകൊണ്ടോ നിരവധി പേർക്ക് ഇഖാമ പുതുക്കാൻ കഴിഞ്ഞിട്ടില്ല.നല്ല ജോലി ഉണ്ടായിരുന്ന നിരവധി പേർക്ക് ഇങ്ങനെ തൊഴിൽ നഷ്ടപ്പെട്ടു. പുതിയ വിസ അനുവദിച്ചുതുടങ്ങാത്തതിനാൽ മറ്റൊരു വിസയിൽ വരാനുള്ള സാധ്യതയും അടഞ്ഞുകിടക്കുകയാണ്. ഇത് എന്നുമുതൽ ശരിയാകുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.