യാംബു: ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ സൗദി ബഹിരാകാശ യാത്രികരായ റയാന ബർനാവിയും അലി അൽ ഖർനിയും ഈ മാസം 21ന് പുറപ്പെടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ പരിപാടികളാണ് ഒരുക്കുന്നത്. റിയാദ്, ജിദ്ദ, ദഹ്റാൻ എന്നിവിടങ്ങളിൽ ‘സൗദി ബഹിരാകാശത്തേക്ക്’ എന്ന ശീർഷകത്തിൽ ബഹിരാകാശ പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സൗദി സ്പേസ് അതോറിറ്റി അറിയിച്ചു.
ബഹിരാകാശത്തേക്കുള്ള സൗദി ദൗത്യത്തിന്റെ വിക്ഷേപണത്തോടനുബന്ധിച്ച് മേയ് 21 മുതൽ ജൂൺ രണ്ട് വരെയാണ് പ്രദർശനം ഒരുക്കുന്നത്. മാതൃരാജ്യത്തിനും ആഗോള സമൂഹത്തിനും വേണ്ടിയുള്ള ചരിത്ര നേട്ടം കൈവരിക്കണമെന്ന ആഗ്രഹത്തോടെ ബഹിരാകാശത്തിലേക്കുള്ള സൗദിയുടെ ചരിത്ര ദൗത്യം ഇതിനകം ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ബഹിരാകാശ യാത്രയെ കുറിച്ചും,അതിനായി ഉപയോഗിക്കുന്ന ബഹിരാകാശ വിമാനങ്ങളെക്കുറിച്ചും ഈ മേഖലയിൽ രാജ്യത്തിന്റെ ഇതുവരെയുള്ള മഹത്തായ സംഭാവനകളെ കുറിച്ചും സമൂഹത്തിന് അവബോധം നൽകാൻ കൂടി ലക്ഷ്യംവെച്ചാണ് പ്രദർശനം ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ബഹിരാകാശത്തേക്ക് പോകുന്ന സൗദി, അറബ് മുസ്ലിം ലോകത്തെ ആദ്യത്തെ വനിതയായ റയാന ബർനാവിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാനുള്ള സംവിധാനവും പ്രദർശനത്തിൽ ഒരുക്കും. വ്യോമസേനയിൽ പൈലറ്റായി ജോലി ചെയ്ത അനുഭവസമ്പത്തുമായി ബഹിരാകാശത്ത് പുതിയ അന്വേഷണങ്ങളും പരീക്ഷണങ്ങളും നടത്താൻ ഒരുങ്ങുന്ന അലി അൽ ഖർനിയുടെ പിന്നിട്ട വഴികളും സേവനങ്ങളും സന്ദർശകർക്ക് അറിയാനുള്ള അവസരവും പ്രദർശനത്തിൽ ഉണ്ടാവും.
കാലിഫോർണിയയിലെ ഹത്തോണിലുള്ള സ്പേസ് എക്സ് ആസ്ഥാനത്തെ പര്യവേക്ഷണ നൈപുണ്യ പരിശീലനത്തിന് പുറമെ ജാപ്പനീസ്, യൂറോപ്യൻ ഗവേഷണ കേന്ദ്രങ്ങളിലും നേരത്തേ ഇവർ പരിശീലനം പൂർത്തിയാക്കിയിരുന്നു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ സൗദിയുടെ സാന്നിധ്യവും പുതു തലമുറക്ക് ബഹിരാകാശത്തെ കുറിച്ചും ശാസ്ത്രമേഖലയിൽ താൽപര്യവും ഉണ്ടാക്കാനും പ്രദർശനം വഴിവെക്കുമെന്ന് അധികൃതർ കണക്കു കൂട്ടുന്നു. ശാസ്ത്രമേഖലയിൽ സൗദി വനിതകൾ കൈവരിക്കുന്ന പുരോഗതിയുടെ അടയാളപ്പെടുത്തലുകളും ചരിത്ര ദൗത്യം നിർവഹിക്കുന്നതിലൂടെ പ്രകടമാകും. ഒരേ സമയം ഒരേ രാജ്യക്കാരായ രണ്ട് ബഹിരാകാശ യാത്രികർ അടങ്ങുന്ന സൗദി അറേബ്യൻ ടീം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുന്നതും ആദ്യമാണ്. സൗദിയിലെ യുവതീ യുവാക്കൾക്ക് ബഹിരാകാശ രംഗത്ത് കൂടുതൽ ഗവേഷണം നടത്താനും ശാസ്ത്രീയ സംഭാവനകൾ അർപ്പിക്കാൻ കൂടി സൗദി ടീമിന്റെ ബഹിരാകാശയാത്ര ഫലം ചെയ്യുമെന്ന് സൗദി പ്രസ് ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.