കുവൈത്ത് സിറ്റി: വീണ്ടുമൊരു നഴ്സസ് ദിനം വന്നെത്തുേമ്പാൾ കുവൈത്തിലെയും മലയാളി നഴ്സുമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ത്യാഗനിർഭരമായി സജീവം. കഴിവും കാര്യപ്രാപ്തിയും അർപ്പണ മനോഭാവവും കൈമുതലാക്കി അവർ നടത്തുന്ന സേവനത്തെ കുവൈത്ത് ആരോഗ്യ മന്ത്രാലയവും സ്വദേശികളും വിദേശികളും ഉൾപ്പെട്ട രാജ്യനിവാസികളും ആദരവോടെ കാണുന്നു. ലോകത്തിലെ ഏറ്റവും കഴിവും കാര്യക്ഷമതയുമുള്ള നഴ്സുമാർ എന്ന ബഹുമതിക്ക് ഒത്ത പ്രവർത്തനമാണ് ഇൗ കോവിഡ് കാലത്ത് മലയാളി നഴ്സുമാർ കാഴ്ചവെക്കുന്നത്.
അതുകൊണ്ടുതന്നെ കുവൈത്തിൽ കോവിഡ് വാർഡുകൾ ഉൾപ്പെടെ നിർണായക സ്ഥലങ്ങളിലെല്ലാം മലയാളി നഴ്സുമാരെയാണ് വിന്യസിക്കുന്നത്. കഴിവും ആത്മാർഥതയുമുള്ളവർക്ക് കൂടുതൽ ഉത്തരവാദിത്തം ഏൽപിക്കപ്പെടുേമ്പാൾ എടുത്താൽ പൊങ്ങാത്ത ജോലി ഭാരം കൊണ്ട് തളരുന്നുണ്ട് അവർ. ആഴ്ചയിൽ 72 മണിക്കൂർ വരെ കഠിനാധ്വാനം തന്നെയാണ് അവർ ചെയ്യുന്നത്. പേഴ്സനൽ പ്രൊട്ടക്ഷൻ എക്വിപ്മെൻറ് (പി.പി.ഇ) കിറ്റിനകത്ത് 12 മണിക്കൂർ വിയർത്തുകുളിച്ച് വീർപ്പുമുട്ടിയാണ് അവർ കർമം ചെയ്യുന്നത്. 12 മണിക്കൂർ കിറ്റിനകത്ത് നിൽക്കേണ്ടി വരുേമ്പാൾ ശുചിമുറികളിൽ പോകുന്നത് പോലും അസാധ്യമാണ്. പരിചരണത്തിനപ്പുറം രോഗികളുടെ വ്യക്തിപരമായ കാര്യത്തിലടക്കം പുലർത്തുന്ന കരുതലിൽ മലയാളി നഴ്സുമാർ മാതൃകയാണ്.
വാക്സിനേഷൻ കേന്ദ്രങ്ങളിലും മലയാളി നഴ്സുമാരാണ് താരം. ഒരു തുള്ളി പോലും പാഴാക്കാതെയും ഒാരോരുത്തരുടെയും ആരോഗ്യാവസ്ഥയും രോഗചരിത്രവുമെല്ലാം സൂക്ഷ്മമായി ചോദിച്ചറിഞ്ഞും സൂക്ഷ്മതയോടെയാണ് അവർ വാക്സിൻ നൽകുന്നത്. 15 ലക്ഷത്തോളം പേർക്ക് കുത്തിവെപ്പെടുത്തിട്ടും പിഴവിെൻറയോ ഗുരുതരമായ പാർശ്വഫലങ്ങളുടെയോ ഒറ്റ റിപ്പോർട്ട് പോലും കുവൈത്തിൽ ഇല്ല. വാക്സിൻ ഗുണമേന്മക്കൊപ്പം നഴ്സുമാരുടെ ജാഗ്രതയും ഇതിൽ എടുത്തുപറയേണ്ടതാണ്. മൊബൈൽ വാക്സിനേഷൻ യൂനിറ്റുകളുടെ ഭാഗമായി ഇപ്പോൾ ഫീൽഡിലും അവർ സജീവമാണ്.
വ്യക്തിപരമായ ത്യാഗത്തിെൻറ കൂടിയാണ് നഴ്സുമാർക്ക് ഇൗ കോവിഡ് കാലം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന നഴ്സുമാരിൽനിന്നും മറ്റ് ആരോഗ്യ പ്രവർത്തകരിൽനിന്നും ജീവിത പങ്കാളിക്കും കുട്ടികൾക്കും രോഗം പകരുമോ എന്ന ആശങ്കയുണ്ട്.
ചിലർ സ്വന്തം നിലക്ക് മാറിത്താമസിക്കുകയോ കുട്ടികളെ മാറ്റിപ്പാർപ്പിക്കുകയോ ചെയ്തിട്ടുണ്ട്. നഴ്സുമാരുടെ വീട്ടിൽ ജോലിക്കാരിയെ കിട്ടാത്ത സാഹചര്യവുമുണ്ട്. രോഗം പടരാൻ സാധ്യതയുള്ളതിനാൽ ഗാർഹികത്തൊഴിലാളികൾ വരാൻ തയാറാവുന്നില്ല. ആരോഗ്യ പ്രവർത്തകരിൽനിന്ന് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഇവരുടെ മക്കളെ അയൽപക്കത്തെ വീടുകളിലും ഏൽപിക്കാൻ കഴിയില്ല. ഭാര്യയും ഭർത്താവും ജോലിക്ക് പോകേണ്ടി വരുമ്പോൾ കുട്ടികളെ നോക്കാൻ ആളില്ലാത്ത സാഹചര്യമാണ്.
ജീവൻ രക്ഷിക്കാനുള്ള സാമൂഹിക ദൗത്യം എന്ന നിലയിൽ കാണുന്നത് കൊണ്ടാണ് പ്രയാസം സഹിച്ചും ആരോഗ്യ ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം കഠിനാധ്വാനം ചെയ്യുകയാണ്. അസാധാരണ സാഹചര്യത്തിൽ ജീവനക്കാരെ കൊണ്ട് അധിക ജോലി ചെയ്യിക്കാൻ അവർ നിർബന്ധിതരാവുകയാണ്.
കുവൈത്ത് സിറ്റി: അനുവദിക്കപ്പെട്ട അവധി ശരിയായി പ്രയോജനപ്പെടുത്താനാവാത്ത നിസ്സഹായതയിലാണ് കുവൈത്തിലെ ആരോഗ്യ മന്ത്രാലയം ജീവനക്കാർ. രണ്ടാഴ്ചത്തെ അവധിയിൽ നാട്ടിൽ പോയി വരുന്നത് അപ്രായോഗികം. ഇത് പ്രയോജനപ്പെടുത്തി നാട്ടിൽ പോയാൽ അവിടെ ക്വാറൻറീനിൽ ഇരിക്കണം. തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം വേറെ. നാട്ടിൽ പോയിവന്നാൽ സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയണമെന്ന് വകുപ്പുമേധാവികൾ എഴുതി നൽകുന്നുമുണ്ട്.
ചുരുക്കത്തിൽ കുടുംബം നാട്ടിലുള്ള വിദേശ ജീവനക്കാർക്ക് അവധി പ്രയോജനപ്പെടുന്നില്ല. അതേസമയം, കുടുംബം കുവൈത്തിലുള്ളവർക്ക് ജോലി സമ്മർദത്തിൽനിന്ന് ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവിടാൻ കഴിയും. രണ്ടുവർഷത്തിലേറെയായി നാട്ടിൽ പോകാത്ത നഴ്സുമാർ നിരവധിയാണ്. കുടുംബം കൂടെയില്ലാതെ ജീവിക്കുന്ന ബഹുഭൂരിഭാഗം വരുന്ന ജീവനക്കാർക്ക് നാട്ടിൽ വാർഷികാവധിക്ക് പോകാനുള്ള അനുമതി തേടി കാത്തിരിക്കാൻ തുടങ്ങി നാളേറെയായി.
കുടുംബത്തോടൊപ്പം താമസിക്കുന്നവർ പലരും കോവിഡ് ഭീതികാരണം നേരത്തെ കുടുംബത്തെ നാട്ടിലേക്കയച്ചു. കനത്ത ജോലി സമ്മർദമാണ് ലോകത്ത് എല്ലായിടത്തെയും പോലെ കുവൈത്തിലെയും ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്നത്.ജോലിഭാരം വർധിച്ചതിെൻറ കൂടെ നാട്ടിൽ പോവാൻ കഴിയാത്തത് കൂടി ആയപ്പോൾ കടുത്ത മാനസിക സമ്മർദത്തിലാണ് ഭൂരിഭാഗം പേരും കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.