കോവിഡാനന്തര കുവൈത്ത് വികസനക്കുതിപ്പിലേക്ക്

കുവൈത്ത് സിറ്റി: 2016 മുതൽ ആരംഭിച്ച സാമ്പത്തിക ഞെരുക്കത്തിൽനിന്നും പിന്നീട് സാമ്പത്തിക മേഖലയെ കൂപ്പുകുത്തിച്ച കോവിഡ് കാലത്തിൽനിന്നും രാജ്യം ഉണരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു രാജ്യത്ത് 2021 മുതൽ സാമ്പത്തിക, വാണിജ്യ മേഖല പുരോഗതി കൈവരിക്കുന്നതായാണ് വെളിപ്പെടുത്തലുകൾ. 2016 മുതൽ 2020 വരെ കുവൈത്ത് ക്രെഡിറ്റ് മാർക്കറ്റ് മന്ദഗതിയിലായതിനുശേഷം 2021ൽ അത് ശ്രദ്ധേയമായ വീണ്ടെടുക്കലിന് സാക്ഷ്യംവഹിച്ചുവെന്ന് ഒരു പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു.

2021 മുതൽ രാജ്യത്തെ ബാങ്കുകൾ നൽകുന്ന ഉപഭോക്തൃ, വ്യക്തിഗത വായ്പ തുകകൾ വർധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. പ്രാദേശിക ക്രെഡിറ്റ് മാർക്കറ്റ് 2016നും 2020നും ഇടയിൽ ഏകദേശം 3.6 ശതമാനം വാർഷിക വളർച്ചനിരക്ക് രേഖപ്പെടുത്തിയിടത്ത് 2021ൽ ക്രെഡിറ്റ് സൗകര്യങ്ങൾ 6.4 ബില്യൺ ദീനാർ വർധിച്ചു. രാജ്യത്തെ ബാങ്കുകളുടെ ക്രെഡിറ്റ് സൗകര്യ പോർട്ട്ഫോളിയോ 2021ൽ 6.3 ശതമാനം വർധിച്ച് 42.3 ബില്യൺ ദീനാറാവുകയും വാർഷിക വ്യക്തിഗത സൗകര്യങ്ങൾ 87 ശതമാനമാവുകയും ചെയ്തതിനാൽ വിപണി ശക്തമായ ഉയർച്ചയിലേക്കു മടങ്ങി.

കഴിഞ്ഞ ആറു വർഷങ്ങളിൽ (2016നും 2021നും ഇടയിൽ) കുവൈത്ത് ബാങ്കുകൾ അനുവദിച്ച മൊത്തം വായ്പകൾ ഏകദേശം 8.9 ബില്യൺ ദീനാറാണ്. ആ കാലയളവിൽ ഏകദേശം 27 ശതമാനം വളർച്ചനിരക്ക് രേഖപ്പെടുത്തി. കൂടാതെ, വ്യക്തിഗത സൗകര്യങ്ങൾ 2021ൽ 12.6 ശതമാനം എന്ന മികച്ച വളർച്ചനിരക്ക് രേഖപ്പെടുത്തി. 2016നും 2020നും ഇടയിലുള്ള വാർഷിക വളർച്ചനിരക്ക് ഏകദേശം 4.3 ശതമാനമായിരുന്നു. അതേസമയം, 2022ന്റെ ആദ്യ പാദത്തിൽ ക്രെഡിറ്റ് മാർക്കറ്റ് വീണ്ടെടുക്കൽ തുടരുകയും ശക്തമായ വളർച്ചനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു.

അങ്ങനെ കുവൈത്ത് ബാങ്കിങ് മേഖലയിലെ ക്രെഡിറ്റ് സൗകര്യങ്ങളുടെ പോർട്ട്‌ഫോളിയോ 2022 മാർച്ച് അവസാനത്തോടെ 43.6 ബില്യൺ ദീനാർ രേഖപ്പെടുത്തി. വ്യക്തിഗത സൗകര്യങ്ങൾ 2022ന്റെ ആദ്യ പാദത്തിൽ നല്ല വളർച്ചനിരക്ക് നിലനിർത്തി. അവ വാർഷികാടിസ്ഥാനത്തിൽ 13.7 ശതമാനം വർധിച്ച് 19.97 ബില്യൺ ദീനാറായി രേഖപ്പെടുത്തുകയും ക്രെഡിറ്റ് സൗകര്യങ്ങളുടെ പോർട്ട്‌ഫോളിയോയുടെ 45.7 ശതമാനം രൂപവത്കരിക്കുകയും ചെയ്തു.

Tags:    
News Summary - Towards a post-Covid Kuwait development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.