കുവൈത്ത് സിറ്റി: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ അനധികൃത കുടിയേറ്റങ്ങൾ വിപുലീകരിക്കുന്നതിൽ കുവൈത്ത് ശക്തമായി അപലപിച്ചു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ എല്ലാ സെറ്റിൽമെന്റ് പ്രവർത്തനങ്ങളും കുവൈത്ത് നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ബോധപൂർവം ദുർബലപ്പെടുത്തുന്നതും അന്താരാഷ്ട്ര കൺവെൻഷനുകളുടെ നഗ്നമായ ലംഘനവുമാണ് ഇസ്രായേൽ നടത്തുന്നത്. യു.എൻ പ്രമേയങ്ങൾ പൂർണമായും പാലിക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്താൻ കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷ സമിതിയോടും അഭ്യർഥിച്ചു.
വെസ്റ്റ് ബാങ്കിലെ അഞ്ച് അനധികൃത സെറ്റിൽമെന്റ് ഔട്ട്പോസ്റ്റുകൾ നിയമവിധേയമാക്കുന്നതിനും ഫലസ്തീൻ അതോറിറ്റിക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനുമായി തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് അവതരിപ്പിച്ച പദ്ധതിക്ക് വ്യാഴാഴ്ച ഇസ്രായേൽ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേലി സെറ്റിൽമെന്റുകളിൽ ആയിരക്കണക്കിന് പുതിയ ഭവന യൂനിറ്റുകൾക്കായി ടെൻഡർ നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഫലസ്തീൻ ഉദ്യോഗസ്ഥർക്കുള്ള പെർമിറ്റുകളും ആനുകൂല്യങ്ങളും അസാധുവാക്കുക, അവരുടെ സഞ്ചാരം നിയന്ത്രിക്കുക, മുതിർന്ന ഉദ്യോഗസ്ഥരെ രാജ്യം വിടുന്നത് തടയുക, കൂടാതെ തെക്കൻ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റിയിൽ നിന്നുള്ള എക്സിക്യൂട്ടിവ് അധികാരങ്ങൾ നീക്കം ചെയ്യുക തുടങ്ങിയവയും ഇസ്രായേൽ പദ്ധതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.