കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന തുടരുന്നു. പിടിയിലാകുന്നവരെ നാടുകടത്തുന്നതടക്കമുള്ള കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. താമസ നിമയലംഘനത്തിൽ മാത്രം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 2695 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
2022 സെപ്റ്റംബർ ഒന്നുമുതൽ 2023 മേയ് 30 വരെയുള്ള കാലയളവിലാണ് 2695 പ്രവാസികളെ നാടുകടത്തിയതെന്ന് പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ അനധികൃത താമസക്കാരെയും അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കങ്ങളുടെ ഭാഗമായി ശക്തമായ പരിശോധന തുടരുകയാണ്.
ഹവല്ലി, അഹമ്മദി, ജഹ്റ, ഫർവാനിയ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടന്നുവരുന്നുണ്ട്.
പ്രവാസികൾ ഏറെയുള്ള ഇവിടങ്ങളിൽ നിന്നായി 22,212 പേർ പിടിയിലായി. ഫർവാനിയ ഗവർണറേറ്റിൽ 878 പേരും ക്യാപിറ്റൽ ഗവർണറേറ്റില്‍ 580 പേരും ബാക്കിയുള്ളവർ മറ്റ് ഗവർണറേറ്റുകളിലുമാണ് പിടിയിലായത്. താമസ, തൊഴിൽ നിയലംഘകരാണ് പിടിയിലായവരിൽ ഭൂരിപക്ഷവും.
ഈ കാലയളവില്‍ 2,279 മയക്കുമരുന്ന് കേസുകളും 227 മദ്യക്കേസുകളും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ പിടികൂടിയത്. 1,00,169 ട്രാഫിക് നിയമലംഘനങ്ങളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഹമ്മദി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈ വർഷം എപ്രിൽ വരെ വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായ 11,000 നിയമലംഘകരെ നാടുകടത്തിയിരുന്നു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ കടുത്ത നിയമലംഘനങ്ങൾക്ക് അറസ്റ്റിലായവരെയാണ് നാടുകടത്തിയത്. കഴിഞ്ഞ വർഷം 30,000 പ്രവാസികളെയാണ് കുവൈത്തിൽനിന്ന് നാടുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.