കുവൈത്ത് സിറ്റി: താമസനിയമലംഘകരെ പിടികൂടാൻ വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടന്നു. കോവിഡ് സാഹചര്യത്തിൽ നിർത്തിവെച്ച പരിശോധന ശക്തമായി പുനരാരംഭിക്കാനാണ് അധികൃതരുടെ നീക്കം. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതുകൊണ്ടുകൂടിയാണ് സുരക്ഷപരിശോധന കാമ്പയിൻ താൽക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കോവിഡ് സാഹചര്യത്തിൽ കൂടുതൽ പേരെ ഒരുമിച്ച് പാർപ്പിക്കുന്നതിനും പരിമിതിയുണ്ട്. തടവുകാർക്കിടയിൽ വൈറസ് പടരാതിരിക്കാൻ ജയിൽ വകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്.
ഇപ്പോൾ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ജയിലിൽനിന്ന് നാടുകടത്തലിലൂടെ ആളുകുറയുന്നതിനനുസരിച്ച് ഒറ്റപ്പെട്ട പരിശോധന തുടരും. അതിനിടെ താമസനിയമലംഘകർക്ക് പിഴ കൂടാതെ നാടുവിടാൻ ഒരു അവസരംകൂടി നൽകണമെന്ന് താമസകാര്യ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം പേർ താമസരേഖകളില്ലാതെ കുവൈത്തിൽ കഴിയുന്നുണ്ട്. നിരവധി തവണ പൊതുമാപ്പ് നൽകിയിട്ടും കീഴടങ്ങാനും തിരിച്ചുപോകാനും തയാറാകാത്തതിനാൽ അത്തരക്കാരെ സമ്മർദത്തിലാക്കാൻകൂടിയാണ് പരിശോധന പുനരാരംഭിച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.