കുവൈത്ത് സിറ്റി: താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കാമ്പയിനുകൾ നടന്നു. മുബാറക് അൽ കബീർ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി. പൊതു സുരക്ഷ കാര്യങ്ങളുടെ ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനിഫി, മുബാറക് അൽ കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഹംലി, മറ്റു മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റോഡുകൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. സിവിൽ ഐ.ഡിയും കൃത്യമായ രേഖകളും ഇല്ലാത്തവരെ ഉടനടി നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറുന്നുണ്ട്. ഇവരെ കുവൈത്തിൽ നിന്ന് നാടുകടത്തും.
താമസ നിയമലംഘകർക്ക് അവസാനിച്ച പൊതുമാപ്പ് ഞായറാഴ്ച അവസാനിച്ചതോടെയാണ് രാജ്യത്ത് പരിശോധനകൾ കർശനമാക്കിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. താമസരേഖകൾ പരിശോധിക്കുന്നതിന് റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പടെ ഓരോ ഗവർണറേറ്റിലും പദ്ധതി അവർ തയാറാക്കിയാണ് അധികൃതർ നിരത്തിലിറങ്ങുന്നത്. പബ്ലിക് സെക്യൂരിറ്റി, റെസ്ക്യൂ, ട്രാഫിക്, സ്പെഷൽ ഫോഴ്സ് പട്രോളിങ് എന്നിവയെല്ലാം പരിശോധനകളിൽ പങ്കാളികളാണ്. വിവിധ ഗവർണറേറ്റുകളിൽ നിന്നായി ഇതിനകം ആയിരത്തിലധികം പേർ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.