കുവൈത്ത് സിറ്റി: രാജ്യത്ത് വിസ തട്ടിപ്പ് വീണ്ടും സജീവം. വ്യാജ കമ്പനികളുടെ പേരിലുള്ള വിസയിൽ കുവൈത്തിലെത്തി നിരവധി പേരാണ് അടുത്തിടെ വഞ്ചിതരായത്. വൻ തുക നൽകി വിസ വാങ്ങിക്കുന്ന ഇവർ പണം നഷ്ടപ്പെട്ടും ജോലി ഇല്ലാതെയും തിരിച്ചുപോകേണ്ടിവരുകയാണ്. കർശന നടപടികളും കോവിഡ് പ്രതിസന്ധിയും കാരണം നിലച്ചിരുന്ന വിസക്കച്ചവടം തൊഴിൽ വിപണി സജീവമായതോടെ വീണ്ടും തലപൊക്കുകയാണ്.
സ്വകാര്യ കമ്പനി നൽകിയ വിസയിൽ കുവൈത്തിലെത്തിയ പത്തോളം മലയാളികളാണ് വഞ്ചിതരായി അടുത്തിടെ നാട്ടിലേക്ക് തിരികെ പോകേണ്ടിവന്നത്. കുവൈത്തിലുള്ള സുഹൃത്ത് വഴി വിസ സംഘടിപ്പിച്ച ഇവർ നാട്ടിൽ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് കുവൈത്തിൽ എത്തിയത്. ഇവരിൽനിന്ന് ഓരോ വിസക്കും 1600 ദിനാർ വീതം ഈടാക്കിയിരുന്നു. കുവൈത്തിൽ എത്തി ഫിംഗർ എടുക്കലും, മെഡിക്കലും കഴിഞ്ഞാണ് തട്ടിപ്പിന് ഇരയായ വിവരം അറിഞ്ഞത്. രണ്ടുമാസത്തോളമായിട്ടും വിസ അടിക്കാത്തതിനാൽ സുഹൃത്ത് വഴി ഏജന്റിനെ കാണാൻ ശ്രമിച്ചെങ്കിലും അയാൾ മുങ്ങിയിരുന്നു. കുവൈത്തിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചതോടെ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പേരിനുമാത്രമുള്ള കമ്പനികൾ വഴിയാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. വാണിജ്യപരമോ, ഉല്പാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നത്. സ്ഥാപനം തുടങ്ങുന്നതായി രേഖകൾ കാണിച്ച് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുകയാണ് ഇവരുടെ ആദ്യ ജോലി. തുടർന്ന് ഈ സ്ഥാപനത്തിന്റെ പേരിൽ വിസ കച്ചവടത്തിനിറങ്ങും. ഈ വിസകളിൽ കുവൈത്തിൽ എത്തിയ ശേഷം മറ്റു ജോലികളിലേക്ക് മാറാമെന്നും ഉറപ്പു നൽകും.
ഇതിനെല്ലാം ഏജന്റുമാരുമുണ്ടാകും. ഇവർ ആളുകളെ സമീപിക്കുകയും വൻ തുകക്ക് വിസ കച്ചവടമാക്കുകയും ചെയ്യും. എന്നാൽ, തൊഴിലാളികൾ എത്തിമ്പോഴേക്കും തട്ടിപ്പുകാർ സ്ഥാപനം പൂട്ടി മുങ്ങിയിട്ടുണ്ടാകും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനവശേഷിവകുപ്പ് നേരത്തെ മുതൽ പരിശോധന നടത്തിവരുന്നുണ്ട്. എന്നാൽ, പരിശോധകർ എത്തുമ്പോൾ ഓഫിസുകൾ ഒഴിഞ്ഞുകിടക്കുകയാകും.
വിസ കച്ചവടം തടയൽ, സാധുവല്ലാത്ത കമ്പനികളുടെ പേരിൽ വിസ നൽകി ആളുകളെ രാജ്യത്ത് എത്തിക്കുന്നതായ റിപ്പോർട്ട് എന്നിവയെ തുടർന്ന്, സാധുവായ വിലാസങ്ങളില്ലാത്ത 16,848 കമ്പനികളുടെ ഫയലുകൾ അടുത്തിടെ മാൻപവർ അതോറിറ്റി റദ്ദാക്കിയിരുന്നു.
കുവൈത്തിലേക്ക് തൊഴിൽ വിസയിൽ എത്തുന്നവർ തട്ടിപ്പിന് ഇരയാകാതിരിക്കാൻ വിവിധ നടപടികൾ ഉണ്ട്. നാട്ടിൽനിന്നുതന്നെയുള്ള പൊലീസ് ക്ലിയറൻസ്, മെഡിക്കൽ, വിസ അപ്രൂവിങ്, വിസ സ്റ്റാമ്പിങ് എന്നിവക്ക് ശേഷമേ കുവൈത്തിൽ പ്രവേശിക്കാനാകു. എന്നാൽ വിസ അപ്രൂവിങ്, വിസ സ്റ്റാമ്പിങ് എന്നിവയിലും തട്ടിപ്പ് വ്യക്തമാകണം എന്നില്ല. തട്ടിപ്പു നടത്തുന്ന പല കമ്പനികളും ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനാൽ ഇത് പെട്ടെന്ന് മനസ്സിലാകില്ല. നടപടികൾ പൂർത്തിയാക്കി കുവൈത്തിൽ എത്തുമ്പോഴാകും കമ്പനി ഇല്ലെന്ന് ബോധ്യമാകുക.
സ്ഥാപനങ്ങളെ കുറിച്ച് വ്യക്തമായി വിവരങ്ങൾ അന്വേഷിച്ച് അറിഞ്ഞതിന് ശേഷം മാത്രം വിസ സ്വീകരിക്കുക, അംഗീകൃത റിക്രൂട്ടിങ് ഏജൻസികളെമാത്രം സമീപിക്കുക, കുവൈത്ത് അധികൃതരുടെയും, ഇന്ത്യൻ എംബസിയുടെയും നിർദേശങ്ങൾ ശ്രദ്ധിക്കുക എന്നിവ തട്ടിപ്പിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.