കുവൈത്ത് സിറ്റി: അപരസ്നേഹവും കാരുണ്യവുംകൊണ്ട് ദുർബലരെ ചേർത്തുനിർത്തുന്ന വാക്കിന്റെ ‘വാക് കെയർ’അഞ്ചാം വർഷത്തിലേക്ക്. വളാഞ്ചേരി അസോസിയേഷൻ കുവൈത്താണ് (വാക്) പ്രവാസ ഭൂമിയിൽ ഇരുന്ന് നാട്ടിലെ ഒരുപാട് പേർക്ക് ആശ്വാസമാകുന്നത്. വാക് ആരംഭിച്ച സ്നേഹ സഹായ പദ്ധതി ‘വാക് കെയർ’ഞായറാഴ്ച നാലുവർഷം പൂർത്തിയാകും.
മലപ്പുറം വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ക്ലിനിക്ക് സഹായത്തിനായി 2019ലാണ് വാക് ‘വാക് കെയർ’എന്നപേരിൽ സഹായ പദ്ധതി ആരംഭിച്ചത്. ക്ലിനിക് പ്രവർത്തനത്തിനായി മാസം 5000 രൂപ സഹായ പദ്ധതിക്കാണ് രൂപം നൽകിയത്. അംഗങ്ങളിൽനിന്ന് സാധിക്കുന്നവരിൽ നിന്നും ചെറുതും വലുതുമായ വിഹിതം സ്വീകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് പലരും ഓരോ മാസത്തെ തുക സ്വയം ഏറ്റെടുത്ത് രംഗത്തെത്തി. ഇതിനായി പ്രത്യേക ഫണ്ട് രൂപവത്കരിച്ചാണ് സഹായം ഏകോപിപ്പിക്കുന്നത്.
കൊറോണ മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയപ്പോഴും പലർക്കും തൊഴിലില്ലാ ദിനങ്ങൾ ആയിരുന്നപ്പോഴും വാക് തങ്ങളുടെ കടമ മറന്നില്ല. നാട്ടിൽ സഹായത്തിനായി കാത്തിരിക്കുന്നവരെ അവർ അപ്പോഴും ചേർത്തുപിടിച്ചു. പാലിയേറ്റിവ് ചികിത്സയുടെ അനിവാര്യതയും അത് നൽകിവരുന്ന സേവനങ്ങളും ബോധ്യപ്പെട്ടതിന്റെയും മറ്റുള്ളവർക്ക് സഹായമെത്തിക്കൽ കടമയാണ് എന്ന ബോധ്യത്തിലുമാണ് ഇതിന് രൂപം നൽകിയത് എന്ന് വാക് പ്രതിനിധികൾ പറഞ്ഞു.
നാട്ടിലെ പാലിയേറ്റിവ് കെയർ പ്രവർത്തനത്തിലും വാക് അംഗങ്ങൾ സജീവമാണ്. നാട്ടിൽ എത്തുന്ന വാക് അംഗങ്ങൾ ക്ലിനിക് സന്ദർശിക്കുകയും രോഗീ പരിചരണത്തിനും സന്ദർശനത്തിനും സമയം കണ്ടെത്തുന്നു. ക്ലിനിക്കിലേക്ക് ഓക്സിജൻ കോൺസൺട്രേറ്റർ, നെബുലൈസർ എന്നിവയും സംഭാവനചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.