കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്തെ താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി. വെള്ളിയാഴ്ച പകൽസമയത്ത് താപനില 47-49 ഡിഗ്രിയിലേക്ക് ഉയരും. ശനിയാഴ്ച വീണ്ടും ശക്തിപ്പെടുകയും 48-50 ഡിഗ്രിയിൽ എത്തുകയും ചെയ്യും. വരും ദിവസങ്ങളിൽ പൊടിപടലങ്ങളുണ്ടാക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. കാറ്റ് ദൃശ്യപരത കുറയ്ക്കുന്നതിന് ഇടയാക്കാം.
കുവൈത്തിനെ കാലാനുസൃതമായ ഇന്ത്യൻ ന്യൂവേവ് ബാധിക്കുമെന്നും രാത്രി പകലിനേക്കാൾ താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെ കുവൈത്തിന് മുകളിലെ സൂര്യന്റെ ചലന ദിശാമാറ്റം ആരംഭിക്കുകയും ദിവസത്തിലെ നീളം കൂടിയ പകലിന് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു.
14 മണിക്കൂറിൽ കൂടുതലാണ് ബുധനാഴ്ച രാജ്യത്ത് പകൽ നിലനിന്നത്. കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇതിന് കാരണം. സൂര്യചലനത്തിന് അനുസൃതമായി എല്ലാ വർഷവും സംഭവിക്കുന്ന പ്രതിഭാസമാണിത്. സൂര്യരശ്മികൾ ഏറ്റവുമടുത്ത് നേരിട്ട് പതിക്കുന്നതിനാലാണ് വരും ദിവസങ്ങളിൽ അന്തരീക്ഷത്തിലെ താപനില കൂടുന്നത്. വരുന്ന രണ്ടുമാസം കടുത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുക. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. വിവിധ ഘടകങ്ങൾ കാരണം ജി.സി.സി രാജ്യങ്ങളിൽ പൊതുവിലും കുവൈത്തിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ശക്തമായ ചൂടാണ് അടുത്തിടെ അനുഭവപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ അഞ്ച് സ്ഥലങ്ങൾ കുവൈത്തിൽ അടയാളപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.