കുവൈത്ത് സിറ്റി: കേരളത്തിലെ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് പ്രവാസലോകവും. വയനാട്ടിലെ ഉരുൾപൊട്ടൽ വാർത്ത സൃഷ്ടിച്ച നടുക്കത്തോടെയാണ് പ്രവാസികൾ ചൊവ്വാഴ്ച ഉണർന്നത്. മരണസംഖ്യ ഉയരുന്നതും അപകടത്തിന്റെ ഭീതി നിറഞ്ഞ കാഴ്ചകളും പ്രവാസികൾ വേദനയോടെയാണ് ഉൾക്കൊണ്ടത്.
ബന്ധുക്കളും നാട്ടുകാരും സുരക്ഷിതരാണോയെന്ന ആശങ്കയിലായിരുന്നു കുവൈത്തിലെ വയനാട് സ്വദേശികൾ. വീട്ടിലേക്ക് വിളിക്കുമ്പോൾ ഫോണിൽ കിട്ടാത്തത് പലരുടെയും ആശങ്ക വർധിപ്പിച്ചു. സുഹൃത്തുക്കളെയും നാട്ടുകാരെയും വിളിച്ച് ഉടനടി കാര്യങ്ങൾ അറിഞ്ഞാണ് ആശ്വാസം കൊണ്ടത്. ബന്ധുക്കളും സുഹൃത്തുക്കളും എറെ ഉള്ളതിനാൽ വയനാടിന് പുറത്തുള്ളവരും ആശങ്കയിലായിരുന്നു. വയനാടിന്റെ ദുരന്തത്തിനൊപ്പം കേരളത്തിൽ മഴ ശക്തമായതും പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി.
പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും വീടുള്ളവർ ആശങ്കയോടെയാണ് ഓരോ വാർത്തകളും ശ്രദ്ധിച്ചത്. പലയിടങ്ങളിലും വെള്ളം ഉയർന്നുവരുന്നതും വീടുകളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകുന്ന ദൃശ്യങ്ങൾ വാട്സ് ആപ്പിൽ നിറയുമ്പോൾ നിസ്സഹായരായി കണ്ണീർ തുടക്കാനേ പ്രവാസികൾക്കായുള്ളൂ.അതി തീവ്രമഴ തുടരുന്നതിനാൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ പഴയ പ്രളയഭീതിയും ഉയർന്നു.
ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർ ഭീതിയോടെയാണ് വാർത്തകളെല്ലാം ശ്രദ്ധിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ കനത്തതോടെ ഇവിടെ നിന്നുള്ളവരും വീട്ടിലും നാട്ടിലും വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയാണ് ഉറങ്ങാൻ കിടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.