കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രകോൺഗ്രസിൽ കുവൈത്തിൽ നിന്നുള്ള പ്രതിനിധിയായി മലയാളി ശാസ്ത്രജ്ഞൻ അഭിപ്രായങ്ങൾ പങ്കുവെച്ചു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് സയന്റിസ്റ്റായ ഡോ. ജാഫറലി പാറോലാണ് അഭിപ്രായങ്ങൾ പങ്കുവെച്ചത്. 'സുസ്ഥിര അടിസഥാന സൗകര്യങ്ങൾ; വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. നിർമാണപ്രക്രിയയിൽ നവീന സാങ്കേതികവിദ്യയായ ത്രീഡി പ്രിന്റിങ്ങിന്റെ സാധ്യത ഉയർത്തിക്കാട്ടിയ ഡോ. ജാഫറലി കോൺക്രീറ്റിന് പകരം അതേ സ്വഭാവഗുണങ്ങളുള്ള മെറ്റീരിയൽ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും സൂചിപ്പിച്ചു. ത്രീഡി പ്രിന്റിങ്ങിൽ കുറഞ്ഞ ചെലവിൽ മനോഹരമായ നിർമാണങ്ങൾ നടത്താം. എന്നാൽ അതിന് അനുയോജ്യമായ മെറ്റീരിയൽ കണ്ടുപിടിക്കണം. ഈ വിഷയത്തിൽ ഗവേഷണങ്ങൾ നടക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെൻസർ ടെക്നോളജി, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയുടെ സമന്വയ രൂപമായ സ്ട്രക്ചറൽ ഹെൽത് മോണിറ്ററിങ് ടെക്നോളജിയുടെ പ്രാധാന്യവും ഡോ. ജാഫറലി പാറോൽ പ്രഭാഷണത്തിൽ വ്യക്തമാക്കി. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് ടീം ഇത് വിജയകരമായി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ഡോ. ജാഫറലി പാറോൽ നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം എയറോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ സയന്റിസ്റ്റായും ജോലിചെയ്തിരുന്നു. തുടർന്നാണ് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായത്.
ഡോ. ജാഫറലി പാറോൽ
ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുത്ത ഉച്ചകോടിയിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് 'സുസ്ഥിര വികസനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ചിരുന്നു.
ആസൂത്രണത്തിനും വികസനത്തിനുമുള്ള സുപ്രീം കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മെഹദി, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് സയന്റിസ്റ്റ് ഡോ.ശൈഖ അൽ സനദ്, റിസർച് സയന്റിസ്റ്റ് ഡോ. ഒസാമ അൽ സയേഗ്, കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. ഹസൻ കമാൽ, പ്രഫ. ഇയാദ് മസാദ്, അഖിലു യുനുസ എന്നിവരും കുവൈത്തിനെ പ്രതിനിധാനംചെയ്ത് പ്രഭാഷണം നടത്തി. ആധുനിക സാങ്കേതികവിദ്യകൾ നിർമാണപ്രക്രിയയുടെ ഭാഗമാകണമെന്നും പൊതുലക്ഷ്യത്തിനായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പൊതു പ്ലാറ്റ് ഫോം രൂപപ്പെടുത്തണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.