കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാല ക്യാമ്പിങ് സീസണ് മികച്ച പ്രതികരണം. തുടക്ക ദിവസമായ വെള്ളിയാഴ്ച ക്യാമ്പിങ് സൈറ്റുകൾക്കായി 700 ലധികം ലൈസൻസുകൾ നൽകിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അപേക്ഷ സീകരിക്കുന്നത് തുടരുമെന്നും നാല് മാസത്തെ ക്യാമ്പിങ് സീസണിനായി താൽക്കാലിക ലൈസൻസുകൾ നൽകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സഹൽ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. വെള്ളിയാഴ്ച അർധരാത്രി ആരംഭിച്ച റിസർവേഷൻ കാലാവധി മാർച്ച് 15 വരെ തുടരും. ക്യാമ്പിങ് സൈറ്റുകൾ റിസർവ് ചെയ്യുന്നതിനുള്ള മാർഗ നിർദേശങ്ങളെക്കുറിച്ച് വ്യക്തികളെയും സ്ഥാപനങ്ങളെയും ബോധവത്കരിക്കൽ ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റി ‘യുവർ ക്യാമ്പിങ് ഈസ് ബെറ്റർ വിത്ത് യുവർ ലൈസൻസ്’ എന്ന പേരിൽ മീഡിയ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ക്യാമ്പിങ് ഇടങ്ങളിൽ പരിസ്ഥിതിക്കും പൊതുസുരക്ഷക്കും ഹാനികരമായ കാര്യങ്ങൾ ചെയ്യരുത്. ക്യാമ്പ് സൈറ്റുകളിൽ നിർമാണ സാമഗ്രികൾ, മൺതടങ്ങൾ, വേലികൾ എന്നിവ ഉപയോഗിച്ച് സ്ഥിരമായ സംവിധാനം ഒരുക്കരുത്. യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നിലം നിരപ്പാക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ക്യാമ്പില്‍ താമസിക്കുന്നവര്‍ നിശ്ചിത സ്ഥലങ്ങളിൽ മാലിന്യം സംസ്കരിക്കുകയും നീക്കം ചെയ്യുകയും വേണം. വന്യജീവികളെയും അവയുടെ കുഞ്ഞുങ്ങളെയും വേട്ടയാടുകയോ കൊല്ലുകയോ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും.
പെർമിറ്റ് ഇല്ലാതെ ക്യാമ്പ് സ്ഥാപിക്കുന്നവരില്നിന്നും 3,000 മുതൽ 5,000 ദിനാർ വരെ പിഴ ഈടാക്കും. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ക്യാമ്പിങ് സീസൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.