കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ ഫുട്സാൽ ടൂർണമെന്റിൽ ആതിഥേയരായ കുവൈത്ത് ജേതാക്കളായി. സൗദിയെ ഫൈനലിൽ മൂന്നിനെതിരെ അഞ്ചുഗോളിന് തോൽപിച്ചാണ് കുവൈത്ത് കപ്പുയർത്തിയത്. അൽനസ്ർ ക്ലബ് കോംപ്ലക്സിൽ മികച്ച പോരാട്ടമാണ് ഇരുടീമുകളും നടത്തിയത്. ഗാലറിയുടെ നിറഞ്ഞ പിന്തുണയിൽ കുവൈത്ത് തുടക്കം മുതൽ ആക്രമിച്ച് കളിച്ചു. ബ്രസീലിയൻ കോച്ച് റിക്കാർഡോ സോബ്രൽ പരിശീലിപ്പിച്ച കുവൈത്ത് മികച്ച ഒത്തിണക്കം കാണിച്ചു. സാലിഹ് ഫാദിലിലൂടെ കുവൈത്ത് ആദ്യം ഗോൾ നേടിയെങ്കിലും അബ്ദുല്ല അൽ മഗ്രിബിയിലൂടെ സൗദി തിരിച്ചടിച്ചു. അബ്ദുറഹ്മാൻ അൽ മഷാബി നേടിയ ഗോളിലൂടെ കുവൈത്ത് വീണ്ടും മുന്നിലെത്തിയെങ്കിലും അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
മുആസ് അസീരിയിലൂടെ സൗദി സമനില പിടിച്ചു. ആദ്യപകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ കുവൈത്ത് കൂടുതൽ കരുത്തുകാട്ടി. ഒരുപാട് അവസരങ്ങൾ നേരിയ വ്യത്യാസത്തിന് അവർക്ക് നഷ്ടപ്പെട്ടു. കളിയുടെ ഗതിക്ക് വിപരീതമായി ഫഹദ് അൽ റുദൈനിയിലൂടെ സൗദി ലീഡ് നേടി. എന്നാൽ ആഞ്ഞുപൊരുതിയ ആതിഥേയർ മൂന്ന് ഗോൾ തുടർച്ചയായി നേടി വിജയവും കിരീടവും കൈക്കലാക്കി. യൂസുഫ് അൽ ഖലീഫ, അബ്ദുല്ലത്തീഫ് അൽ അബ്ബാസി, അബ്ദുറഹ്മാൻ അൽ തവീൽ എന്നിവരാണ് അവസാനത്തിൽ നിർണായക ഗോളുകൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.