കുവൈത്ത് സിറ്റി: ആദ്യ രണ്ട് മത്സരങ്ങളിലെ മികവ് ഒമാന് മുന്നിൽ നഷ്ടപ്പെട്ടതോടെ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മൂന്നാം റൗണ്ട് പോരാട്ടത്തിൽ കുവൈത്തിന് കനത്ത തോൽവി. ഒമാനിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഒമാനോട് 4-0 നാണ് കുവൈത്ത് തോറ്റത്. ഇതോടെ കുവൈത്തിന് വരും മത്സരങ്ങൾ നിർണായകമാകും.
തുടക്കം മുതൽ കുവൈത്തിന് മേൽ സമ്പൂർണ ആധിപത്യം നിലനിർത്തിയാണ് ഒമാന്റെ വിജയം. ആദ്യ പകുതിയുടെ 16ാം മിനിറ്റിൽ ഒമാനി താരം അബ്ദുൽറഹ്മാൻ അൽ മുഷൈഫ്രിയാണ് വലകുലുക്കിത്തുടങ്ങിയത്. 29ാം മിനിറ്റിൽ മൊഹ്സെൻ അൽ ഗസാനിയുടെ രണ്ടാം ഗോളും പിറന്നതോടെ ആദ്യ പകുതിയിൽ ഒമാൻ കൃത്യമായ ലീഡ് നേടി.
രണ്ടാം പകുതിയിൽ 58ാം മിനിറ്റിൽ അൽ മുഷൈഫ്രിയിലൂടെ മൂന്നാം ഗോളും 78ാം മിനിറ്റിൽ അബ്ദുല്ല ഫവാസ് നാലാം ഗോളും നേടി മത്സരം 4-0ന് ഒമാൻ കൈയിലൊതുക്കി. ഒമാനെതിരായ തോൽവിയോടെ ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ കുവൈത്ത് അഞ്ചാം സ്ഥാനത്തായി. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ചൊവ്വാഴ്ച കുവൈത്ത് ഫലസ്തീനെ നേരിടും. ആദ്യ മത്സരങ്ങളിൽ കുവൈത്ത് ജോർഡൻ, ഇറാഖ് ടീമുകൾക്കെതിരെ സമനില നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.