കുവൈത്ത് സിറ്റി: പ്രതിസന്ധികൾക്കിടയിലും പോരാട്ടവീര്യത്തോടെ കളിക്കളത്തിലിറങ്ങിയ ഫലസ്തീൻ കളിക്കാരുടെ മനംകവർന്ന് കുവൈത്ത് ഫുട്ബാൾ ആരാധകർ. ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് മാറ്റിയ ആസ്ട്രേലിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഹോം ഗ്രൗണ്ടിന് സമാനമായ അനുഭവമാണ് കാണികൾ ഫലസ്തീന് സമ്മാനിച്ചത്. ഫലസ്തീൻ പതാകയും ചിഹ്നങ്ങളുമായി സ്റ്റേഡിയം നിറഞ്ഞ കാണികൾ ആദ്യവസാനം വരെ ടീമിന് പിന്തുണ നൽകി. കളി ഒരുഗോളിന് ഫലസ്തീൻ തോറ്റെങ്കിലും കാണികളുടെ ആവേശത്തിന് ഒരു കുറവുമില്ലായിരുന്നു. ഫലസ്തീൻ കളിക്കാരുടെ ഓരോ ചുവടുകളിലും ആവേശത്തോടെ ഗാലറി പിന്തുണ നൽകി.
മത്സരത്തിൽനിന്ന്
കുവൈത്തിലെ ജാബിർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് ആസ്ട്രേലിയ ഫലസ്തീനെ കീഴടക്കിയത്. 18ാംമിനുറ്റിൽ ഹാരി സൗത്താറാണ് ആസ്ട്രേലിയക്കായി ഗോൾ നേടിയത്. ക്രെയ്ഗ് ഗുഡ്വിൻ എടുത്ത കോർണർകിക്കിൽ ഉയർന്നുചാടിയ ഹാരി സൗത്താറിന്റെ ഹെഡർ ഫലസ്തീൻ പ്രതിരോധത്തെ മറികടന്നു ഗോളിലേക്കു നീങ്ങുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും ഒറ്റപ്പെട്ട ചില ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫലസ്തീൻ ഗോളിന് തൊട്ടടുത്തെത്തിയിരുന്നു. ബോക്സിന് പുറത്തുനിന്ന് ലഭിച്ച പന്ത് കൂട്ടപ്പൊരിച്ചിലിനിടയിൽ ഫലസ്തീൻ താരം സെയമിന് ലഭിച്ചെങ്കിലും ഗോളിലേക്ക് തിരിച്ചുവിട്ട പന്ത് ഉഗ്രൻ സേവിലൂടെ ആസ്ട്രേലിയൻ ഗോളി തട്ടിയകറ്റി. ഗോൾ എന്നുറച്ച നീക്കം ക്ലോസ്റേഞ്ചിൽ നിന്ന് തട്ടിയകറ്റിയ ഗോളി മാതിറയാൻ ആസ്ട്രേലിയയുടെ രക്ഷകനാവുകയായിരുന്നു. പിറകെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ലീഡുയർത്താൻ ആസ്ട്രേലിയ കഠിന പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഗോൾമടക്കാൻ ഫലസ്തീനും ശ്രമം നടത്തിയെങ്കിലും ഗോളിലേക്ക് എത്തിയില്ല. രണ്ടാം പകുതിയിൽ ഗോളുകൾ പിറക്കാതിരുന്നതോടെ ഒറ്റ ഗോൾ ലീഡിൽ ആസ്ട്രേലിയ വിജയത്തിലേക്ക് നീങ്ങി. രണ്ടാം മത്സരത്തിലും വിജയിച്ചതോടെ ഫലസ്തീൻ, ആസ്ട്രേലിയ, ലെബനാൻ, ബംഗ്ലാദേശ് എന്നിവ അടങ്ങുന്ന ഗ്രൂപ്പിൽ ആസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യ മത്സരത്തിൽ ലെബനാനുമായി സമനിലയിൽ പിരിഞ്ഞ ഫലസ്തീന് നിലവിൽ ഒരു പോയന്റാണുള്ളത്.
സ്വന്തം നാട്ടിൽ ഇസ്രായേൽ സൈന്യം ആക്രമണങ്ങളുടെ പെരുമഴ പെയ്യിക്കുമ്പോൾ, രക്തസാക്ഷികളായവർക്കും പരിക്കേറ്റവർക്കും, അഭയാർഥികൾക്കും പ്രണാമം അർപ്പിച്ചാണ് ഫലസ്തീൻ കളത്തിലിറങ്ങിയത്. ആശങ്കകളുടെ തുടർച്ചയായ രാപ്പകലുകൾക്കിടയിൽ കളിക്കളത്തിലെങ്കിലും ഒരു വിജയം അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ, ആസ്ട്രേലിയ അതു തട്ടിമാറ്റി. എങ്കിലും ഈ കളിക്കാർക്ക് ആശ്വസിക്കാം, ശക്തരായ ആസ്ട്രേലിയയെ ഒറ്റ ഗോളിൽ പിടിച്ചു നിർത്താനായതിൽ. കുവൈത്തിലെ കാണികൾ തന്ന അകമഴിഞ്ഞ പിന്തുണക്ക്. ഗസ്സയിൽ സംഘർഷം ഉടലെടുത്തതിനാൽ ശരിയായ മുന്നൊരുക്കം പോലും നടത്താതെയാണ് ഫലസ്തീൻ ടീം ലേകകപ്പ് യോഗ്യത മത്സരങ്ങൾക്കിറങ്ങിയത്. സംഘർഷം കാരണം ഗസ്സയിൽനിന്ന് പുറത്തുപോകാൻ കഴിയാത്തതിനാൽ മൂന്നു താരങ്ങൾക്ക് ടീമിനൊപ്പം ചേരാനായില്ല. മാനസിക സംഘർഷങ്ങൾ കാരണം മിക്ക താരങ്ങളും കടുത്ത സമ്മർദത്തിലുമായിരുന്നു. അതിനിടയിലും മനോഹരമായ ഫുട്ബാൾ കാഴ്ചവെക്കാൻ ഫലസ്തീൻ ടീമിനായി.
ഫലസ്തീനെതിരെ ആസ്ട്രേലിയയുടെ ഹാരി സൗത്താർ ഗോൾ നേടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.