കുവൈത്ത് സിറ്റി: യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് പങ്കെടുക്കും. ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക്, ഇംഗ്ലീഷ് നടൻ ഇദ്രിസ് എൽബ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് ആൽസീസി തുടങ്ങിയ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനം, ഭാവി തൊഴിൽ സാധ്യത, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയാണ് പ്രധാന ചർച്ച വിഷയം. ഉച്ചകോടിയിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കും. ഈമാസം 13 മുതൽ 15 വരെ ദുബൈ മദീനത്ത് ജുമൈറയിലാണ് ഉച്ചകോടി. 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളും പങ്കെടുക്കുന്ന സമ്മേളനമാണിത്.
200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും. 80 പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സംഘടനകളും പങ്കെടുക്കും. എഫ്.വൈ.ഐ സി.ഇ.ഒയും സംഗീതജ്ഞനും നിർമാതാവുമായ വിൽ അയാം, മെറ്റ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് നിക് ക്ലഗ്, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, സെനഗാൾ പ്രസിഡന്റ് മാക്കി സാൽ, പരഗ്വേ പ്രസിഡന്റ് മാരിയോ അബ്ദോ ബെനിറ്റെസ്, തുനീഷ്യൻ പ്രധാനമന്ത്രി നജ്ല ബൗദൻ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ എൻഗോസി ഒകോഞ്ഞോ, ലോക സാമ്പത്തിക ഫോറം എക്സിക്യുട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ്, ഐ.എം.എഫ് എം.ഡി ക്രിസ്റ്റലീന ജോർജീവ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് അദ്നോം ഗബ്രേയസ് തുടങ്ങിയവരും പ്രഭാഷകരാണ്. സർക്കാർ മേഖലയിലെ അഞ്ച് അവാർഡുകളും ഉച്ചകോടിയിൽ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.