ഇന്ത്യന്‍ സ്കൂളുകളിലെ മികച്ച  അധ്യാപകര്‍ക്കുള്ള പുരസ്കാരം സമ്മാനിച്ചു

മസ്കത്ത്: അധ്യാപനരംഗത്ത് മികവുതെളിയിച്ചവര്‍ക്കുള്ള ‘നവീന്‍ ആഷര്‍ കാസി’ ഇന്ത്യന്‍ സ്കൂള്‍ മസ്കത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. 11 അധ്യാപകരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നുള്ള ഡോ. ശരീഫ ഖാലിദ് ഖൈസ് അല്‍ സഈദ് മുഖ്യപ്രഭാഷണം നടത്തി. 
വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നുള്ളവരടക്കം നിരവധി വിശിഷ്ട വ്യക്തികള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിച്ചു. സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. പ്രിയ ഡയസ് (ഇന്ത്യന്‍ സ്കൂള്‍ സൊഹാര്‍), ശശികല പ്രഭാത്കുമാര്‍ (വാദി കബീര്‍), എസ്കലിന്‍ ഗൊണ്‍സാല്‍വസ് (മസ്കത്ത്), രശ്മി കുമാര്‍ (സീബ്), പി.വി. ഗോപിനാഥ് (ദാര്‍സൈത്) എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി ഒന്നാമത് എത്തിയത്. സ്പെഷല്‍ എജുക്കേഷന്‍ വിഭാഗത്തിലെ പ്രത്യേക അവാര്‍ഡ് ജോസഫ് പ്രഭുവിനും ലഭിച്ചു. 
അവാര്‍ഡ് ദാന ചടങ്ങിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ചെറുകഥാ മത്സരവും സംഘടിപ്പിച്ചു. 
രണ്ടു വിഭാഗങ്ങളിലായി നടത്തിയ കഥാ മത്സരത്തില്‍ 57 എന്‍ട്രികള്‍ ലഭിച്ചു. ആദ്യ വിഭാഗത്തില്‍ ജഅലാന്‍ ഇന്ത്യന്‍ സ്കൂളിലെ ബി.എസ്. ശ്രീലക്ഷ്മിയും അല്‍ഗൂബ്ര സ്കൂളിലെ ജോനാഥന്‍ എഡ്വേര്‍ഡ് സക്കറിയാസും ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. രണ്ടാമത്തെ വിഭാഗത്തില്‍ ശിബാനി സെന്‍, ആഞ്ജലിന്‍ മോസസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനക്കാര്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.