സ്വര്‍ണവില കുറഞ്ഞു,  വിനിമയ നിരക്ക് ഉയര്‍ന്നു

മസ്കത്ത്: രൂപയുടെ മൂല്യം ഇടിഞ്ഞ് റിയാലിന്‍െറ വിനിമയനിരക്ക് കൂടിയതും സ്വര്‍ണവില കുറഞ്ഞതും പ്രവാസികള്‍ക്ക് ആഹ്ളാദമായി.  സ്വര്‍ണത്തിന് ഗ്രാമിന് 13.600 റിയാല്‍ എന്ന നിരക്കാണ് ജ്വല്ലറികള്‍ ചൊവ്വാഴ്ച നല്‍കിയത്. റിയാലിന്‍െറ വിനിമയനിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ റിയാലിന് 172 രൂപ കവിഞ്ഞിരുന്നു. ചൊവ്വാഴ്ച റിയാലിന് 172.15 എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. 1000 രൂപക്ക്  അഞ്ച് റിയാല്‍ 809 ബൈസയാണ് വിനിമയ സ്ഥാപനങ്ങള്‍ ഈടാക്കിയത്. തിങ്കളാഴ്ച റിയാലിന് 172.50 എന്ന നിരക്ക് വരെ എത്തിയിരുന്നു. 1000 രൂപ അയക്കാന്‍ അഞ്ച് റിയാല്‍ 792 ബൈസയായിരുന്നു തിങ്കളാഴ്ച ഈടാക്കിയത്. വിനിമയ നിരക്ക് ഉയര്‍ന്നതോടെ വിനിമയ സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വന്‍ സംഖ്യകളാണ് പലരും നാട്ടിലേക്ക് അയക്കുന്നത്. കഴിഞ്ഞ ഏതാനും  ദിവസങ്ങളായി നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്ക് വര്‍ധിച്ചതായി എക്സ്ചേഞ്ച് അധികൃതര്‍ പറയുന്നു. വിനിമയനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വിനിമയ നിരക്ക് ഉയരുകയും സ്വര്‍ണവില കുറയുകയും ചെയ്തതോടെ പണമയക്കണോ സ്വര്‍ണം വാങ്ങണമോയെന്ന ആശയക്കുഴപ്പമുള്ളവരും നിരവധിയാണ്. ഡോളര്‍ ശക്തമാവുന്നതും യൂറോ അടക്കമുള്ള മറ്റ് കറന്‍സികളുടെ ശക്തി കുറയുന്നതുമാണ് വിനിമയ നിരക്ക് ഉയരാന്‍ കാരണമെന്ന് മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ് കോശി പറഞ്ഞു. നിലവിലുള്ള സാഹചര്യത്തില്‍ വിനിമയ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. പക്ഷേ, എത്രവരെ എത്തുമെന്ന് പറയാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഫെഡറല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഡോളര്‍ ശക്തമാവുന്നതായി കാണിച്ചിരുന്നു. കൂടാതെ, അടുത്തമാസം മുതല്‍ ഡോളറിന്‍െറ പുതിയ പലിശനിരക്ക് പ്രഖ്യാപിക്കുമെന്ന പ്രചാരണവുമുണ്ടായിരുന്നു. ഇതോടെ ഡോളറിന് ഡിമാന്‍റ് വര്‍ധിക്കുകയും ഡോളര്‍ ശക്തിയാര്‍ജിക്കുകയും ചെയ്തു. കഴിഞ്ഞ ആറു ദിവസമായി ഓഹരിവിപണി തുടര്‍ച്ചയായി ഇടിയുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലവും ഇതിനൊരു കാരണമാണ്. ഡോളര്‍ ശക്തമാവാന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ വിപണിയില്‍നിന്ന് നിക്ഷേപം പിന്‍വലിച്ച് പണം പുറത്തേക്ക് ഒഴുകുകയാണ്. നിലവില്‍ ഇത് തുടരാനാണ് സാധ്യത. എന്നാല്‍, റിസര്‍വ് ബാങ്ക് രംഗത്തത്തെി നടപടിയെടുക്കാനും സാധ്യതയുണ്ട്. അതിനാല്‍, വിനിമയനിരക്ക് വല്ലാതെ ഉയരാന്‍ സാധ്യതയില്ല. 
രൂപയുടെ മൂല്യം വല്ലാതെ കുറയാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കില്ല. ഡോളര്‍ ശക്തി പ്രാപിക്കുന്നതും എണ്ണവില കുറയുന്നതുമാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്ന് ദുബൈ ഗോള്‍ഡ് ഗ്രൂപ് ചെയര്‍മാന്‍ പി.പി. മുഹമ്മദലി പറഞ്ഞു. ഡോളര്‍ ശക്തമാവാന്‍ തുടങ്ങിയതോടെ  വ്യാപാരികള്‍ സ്വര്‍ണം ഒഴിവാക്കി ഡോളര്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. സ്വര്‍ണവില വല്ലാതെ കുറയാന്‍ സാധ്യതയില്ല. സീസണ്‍ ആയതിനാല്‍ വന്‍ തിരക്കാണ് ജ്വല്ലറികളില്‍ അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
രണ്ടു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ജ്വല്ലറികള്‍ നല്‍കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജര്‍ നജീബ് പറഞ്ഞു. ദീപാവലിയുടെ മുഹൂര്‍ത്ത സമയമായ ദന്തരസ് തിങ്കളാഴ്ചയായിരുന്നു. അതിനാല്‍ വന്‍ തിരക്കണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.