ഒമാന്‍ കരാട്ടേയില്‍ പെണ്‍കരുത്ത്

മസ്കത്ത്: ഒമാനിലെ കരാട്ടേ പരിശീലന കളരികളിലും മത്സരവേദികളിലുമെല്ലാം ഇപ്പോള്‍ പെണ്‍കരുത്ത് പ്രകടമാകുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കരാട്ടേ അഭ്യസിക്കാന്‍ എത്തുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആണ്‍കുട്ടികളേക്കാളും പുരുഷന്മാരേക്കാളും കൂടുതലായി സ്ത്രീകളുമാണ് കരാട്ടേയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. സ്വദേശികളും മലയാളികള്‍ അടക്കം പ്രവാസികളും പരിശീലനത്തിനായി എത്തുന്നുണ്ട്. ഒമാനില്‍ നടക്കുന്ന കരാട്ടേ ടൂര്‍ണമെന്‍റുകളില്‍ സ്ത്രീകള്‍ ശക്തമായ സാന്നിധ്യമാണിപ്പോള്‍. 
ഒമാന്‍ സ്വദേശിനികളായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സഫ ഹസന്‍, ബാങ്ക് ഉദ്യോഗസ്ഥ മറിയം ബലൂഷി, ഫാര്‍മസിസ്റ്റ് മര്‍വ ഖരൂസി എന്നിവരെല്ലാം കരാട്ടേ ടൂര്‍ണമെന്‍റുകളിലെ സജീവ സാന്നിധ്യമാണ്. മലയാളികളായ ചെറിയ പെണ്‍കുട്ടികളടക്കം മസ്കത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കരാട്ടേ പരിശീലന സ്ഥാപനങ്ങളില്‍ എത്തുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചിലയിടങ്ങളില്‍ അമ്മമാരും കരാട്ടേ പഠിക്കുന്നു. 
ഒരു കാലത്ത് ആണുങ്ങളുടെ കുത്തകയായിരുന്ന കരാട്ടേയിലേക്ക് പെണ്‍കുട്ടികള്‍ കടന്നുവരുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രമുഖ പരിശീലകര്‍ പറയുന്നു. 
മുന്‍ വര്‍ഷത്തേക്കാള്‍ അധികം പെണ്‍കുട്ടികളും വീട്ടമ്മമാരും കരാട്ടേ പഠിക്കാനത്തെുന്നുണ്ടെന്ന് 24 വര്‍ഷമായി ഒമാനിലുള്ള ബ്ളാക്ക് ബെല്‍റ്റ് സിക്സ്ത് ഗ്രേഡ് ജേതാവായ ഷിഹാന്‍ ദേവദാസ് മാസ്റ്റര്‍ പറയുന്നു. ഇതിനകം ആയിരത്തിലധികം പേര്‍ക്കാണ് മാസ്റ്റര്‍ കരാട്ടേയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. സീബിലാണ് ഇദ്ദേഹം പരിശീലനം നല്‍കുന്നത്. ഒമാനിലെ ദീവാന്‍ പട്ടാള പരിശീലകര്‍ക്ക് നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.  
വര്‍ഷങ്ങള്‍ക്കുമുമ്പ് കരാട്ടേ അടക്കം ആയോധനകലകള്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അവസരം ലഭിക്കാതിരുന്ന മലയാളി വീട്ടമ്മമാര്‍ മക്കളിലൂടെ തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണ്. നാട്ടില്‍ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ പെണ്‍കുട്ടികളും ആയോധന കലകള്‍ പഠിക്കേണ്ടതിന്‍െറ ആവശ്യകത വര്‍ധിപ്പിക്കുകയാണെന്നും അവര്‍ പറയുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.