??????????? ???????? ????? ?????????? ???? ????????? ??????????

അവധിദിനങ്ങള്‍ അപകടരഹിതം: രാജ്യം സാധാരണ ജീവിതത്തിലേക്ക്

മസ്കത്ത്: അഞ്ചുദിവസത്തെ പെരുന്നാള്‍ അവധി ആഘോഷം കഴിഞ്ഞ് രാജ്യം ഇന്നുമുതല്‍ സാധാരണഗതിയിലേക്ക്. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഇന്നുമുതല്‍ സജീവമാവും. റമദാനില്‍ പ്രവൃത്തിസമയം കുറച്ചതും പൊതുജനങ്ങള്‍ പൊതുവെ സന്ദര്‍ശനം കുറച്ചതും ഒരു മാസമായി ഇത്തരം സ്ഥാപനങ്ങളുടെ സജീവത കുറച്ചിരുന്നു.
പലരും ആവശ്യങ്ങള്‍ പലതും റമദാന്‍ കഴിയുന്നത് വരെ മാറ്റിവെച്ചിരുന്നു. എന്നാല്‍, ഇന്നുമുതല്‍ എല്ലാ സ്ഥാപനങ്ങളും സജീവമാവുകയും തിരക്ക് വര്‍ധിക്കുകയും ചെയ്യും. അവധിയാഘോഷിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരിച്ചത്തൊന്‍ തുടങ്ങിയിരുന്നു. ഇത് റോഡുകളില്‍ ഗതാഗതത്തിരക്ക് വര്‍ധിക്കാന്‍ കാരണമായി. നിരവധി മേഖലകളില്‍ ഗതാഗത കുരുക്കുമുണ്ടായി. നീണ്ട അവധിയുണ്ടായിട്ടും കടുത്ത ചൂട് കാരണം പലരും പുറത്തുപോയില്ല.
ചൂടുകാരണം പാര്‍ക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പകല്‍ തിരക്ക് കുറവായിരുന്നു. രാത്രിയാണ് ഇവിടങ്ങളില്‍ ആളുകള്‍ എത്തിയത്. ബീച്ചുകളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടു. ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത് മത്ര കോര്‍ണീഷിലായിരുന്നു. ചൂടുകാരണം സംഘടനകളും ഗ്രൂപ്പുകളും കുടുംബങ്ങളും നടത്തുന്ന പിക്നിക്കുകളും കുറവായിരുന്നു. പലരും താമസയിടത്ത് തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു. ഈ അവധിക്കാലത്ത് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് സലാലയിലാണ്. മഴയും അനുകൂല കാലാവസ്ഥയുമാണ് നിരവധി പേരെ സലാലയിലേക്ക് ആകര്‍ഷിച്ചത്. നിരവധി മലയാളി കുടുംബങ്ങളും സലാലയിലേക്ക് തിരിച്ചിരുന്നു. മസ്കത്തില്‍നിന്നുള്ള ബസുകള്‍ നേരത്തേ തന്നെ ബുക്കിങ് പൂര്‍ത്തിയായതിനാല്‍ അവസാനം യാത്ര നിശ്ചയിച്ച പലര്‍ക്കും യാത്രചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാ ഗതാഗത കമ്പനികളും അധിക ബസുകള്‍ നിരത്തിലിറക്കിയാണ് തിരക്ക് പരിഹരിച്ചത്.
എന്നിട്ടും നൂറുകണക്കിന് പേര്‍ക്ക് യാത്രചെയ്യാന്‍ കഴിഞ്ഞില്ല. സ്വന്തം വാഹനമുപയോഗിച്ചും കുടുംബങ്ങള്‍ അടക്കം നിരവധി പേര്‍ സലാലയിലത്തെിയത് വന്‍ തിരക്കിന് കാരണമാക്കി. സലാലയില്‍ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. എന്നാല്‍, അധികൃതര്‍ എല്ലാ മുന്‍കരുതലുകളും എടുത്തതിനാല്‍ അപകടരഹിതമായാണ് ഈ വര്‍ഷത്തെ അവധി ആഘോഷം കടന്നുപോയത്.
ദോഫാര്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി നിരവധി തവണ യോഗം ചേര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. യാത്രക്കാര്‍ക്ക് വേണ്ട ബോധവത്കരണം നടത്തുകയും എല്ലാ മേഖലകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു.
അപകടം പതിയിരിക്കുന്ന ആദം തുംറൈത്ത് ഹൈവേയില്‍ റോന്തുചുറ്റലും ശക്തമാക്കിയിരുന്നു. ആകെ രണ്ട് അപകടങ്ങള്‍ മാത്രമാണ് പെരുന്നാള്‍ അവധി ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അനുകൂല കാലാവസ്ഥയുള്ള മസീറ ദ്വീപ് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു.
മസീറ ദ്വീപില്‍ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. തുടര്‍ച്ചയായി കാറ്റുവീശുന്നത് സന്ദര്‍ശകര്‍ക്ക് ചെറിയ പ്രയാസമുണ്ടാക്കിയിരുന്നു. ബുധനാഴ്ച രാത്രി മസീറയില്‍ കടുത്ത തണുപ്പ് അനുഭവപ്പെട്ടിരുന്നതായി താമസക്കാര്‍ പറയുന്നു. കൂടുതല്‍ സന്ദര്‍ശകരത്തെിയതിനാല്‍ യാത്രക്കാരെയും വാഹനങ്ങളെയും വഹിച്ചുപോവുന്ന ചങ്ങാട ബോട്ടുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
മലയാളികളായ നിരവധി പേര്‍ മസീറയില്‍ അവധി ആഘോഷിക്കാനത്തെിയിരുന്നു. അവധിയാഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന അപകടവാര്‍ത്തകള്‍ ഒഴിവായതിലുള്ള ആശ്വാസത്തിലാണ് അധികൃതരും പൊതുജനങ്ങളും.
നിയമങ്ങള്‍ ശക്തമാക്കിയതും പരിശോധന ശക്തമായതും അപകടങ്ങള്‍ കുറയാന്‍ കാരണമാക്കിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ പല അവധിയാഘോഷങ്ങളും ദുരന്ത വാര്‍ത്തകളിലാണ് അവസാനിച്ചിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.