ഇടിയും മഴയും, പിന്നെ  ആലിപ്പഴ വര്‍ഷവും

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. ഇടിയുടെ അകമ്പടിയോടെ പലയിടത്തും ശക്തമായ മഴയാണ് ഉണ്ടായത്. ജബല്‍ അഖ്ദര്‍, സുമൈല്‍ തുടങ്ങി വിവിധയിടങ്ങളില്‍ ആലിപ്പഴവര്‍ഷവുമുണ്ടായി. 
രാജ്യത്ത് അനുഭവപ്പെടുന്ന ഉയര്‍ന്ന അന്തരീക്ഷമര്‍ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ദാഖിലിയ, തെക്കന്‍ ബാത്തിന, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ വിവിധയിടങ്ങളിലാണ് ചൊവ്വാഴ്ച ഉച്ചക്കുശേഷം മഴയുണ്ടായത്. 
മസ്കത്തിലും സാമാന്യം ശക്തമായ മഴ പെയ്തു. കനത്ത മഴ കാരണം വാദികള്‍ കരകവിഞ്ഞൊഴുകിയിരുന്നു. ഇതുകാരണം പല ഭാഗങ്ങളിലും ഗതാഗത തടസ്സവുമുണ്ടായി. 
പലയിടത്തും ഉച്ചക്കുശേഷം മൂടിക്കെട്ടിയ അവസ്ഥയായിരുന്നു. ജബല്‍ അഖ്ദര്‍, സുമൈല്‍, മസ്കത്ത്,  മത്ര, അമിറാത്ത്, സീബ്, ഖുറിയാത്ത്, അല്‍ഖൂദ്, റൂവി, മുദൈബി, ഇബ്ര  തുടങ്ങിയിടങ്ങളില്‍ ശക്തമായ ആലിപ്പഴവര്‍ഷമുണ്ടായി.  ഐസ് കട്ടകള്‍ പെറുക്കാന്‍ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങുന്നത് കാണാമായിരുന്നു. അടുത്ത രണ്ടുദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിന്നല്‍പിണറിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനങ്ങള്‍ ശ്രദ്ധിച്ച് ഓടിക്കണമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.