ഐ.സി.സി ലോക ക്രിക്കറ്റ് ലീഗ്: ഒമാന്‍ ടീമിന് സ്ഥാനക്കയറ്റം

മസ്കത്ത്: ഐ.സി.സി ലോക ക്രിക്കറ്റ് ലീഗില്‍ ഒമാന്‍ ടീമിന് സ്ഥാനക്കയറ്റം. ജേഴ്സിയില്‍ നടന്ന ഡിവിഷന്‍ അഞ്ചു ലീഗ് മത്സരത്തില്‍ റണ്ണേഴ്സ് അപ്പായ ഒമാന്‍ ഈ വര്‍ഷം അവസാനം അമേരിക്കയില്‍ നടക്കുന്ന ഡിവിഷന്‍ നാലു ലീഗിലേക്ക് യോഗ്യതനേടി.
നിര്‍ണായകമായ അവസാനമത്സരത്തില്‍ 44 റണ്‍സിന് ജേഴ്സിയോടു തോറ്റെങ്കിലും മികച്ച ശരാശരിയില്‍ ജേഴ്സിയോടൊപ്പം ഒമാനും യോഗ്യത നേടുകയായിരുന്നു.
ടൂര്‍ണമെന്‍റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഓപണര്‍ സീഷാന്‍ മഖ്സൂദ് 22 ബോളില്‍ 43 റണ്‍സ് നേടിയെങ്കിലും മറ്റു മുന്‍നിര ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടതാണ് അവസാനമത്സരത്തില്‍ ഒമാന്‍ തോല്‍ക്കാന്‍ കാരണം.
മുന്‍ ശ്രീലങ്കന്‍താരം ദുലിപ് മെന്‍ഡിസ് കോച്ചായി ചുമതലയേറ്റശേഷം അന്തര്‍ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒമാന്‍ ട്വന്‍റി 20 ലോകകപ്പ് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
അയര്‍ലന്‍ഡിനെ അട്ടിമറിച്ച് തുടങ്ങിയ ഒമാന്‍ നിര്‍ണായകമായ അവസാനമത്സരത്തില്‍ ബംഗ്ളാദേശിനോട് 54 റണ്‍സിന് തോറ്റാണ് സൂപ്പര്‍ പത്തില്‍ ഇടംപിടിക്കാതെ പുറത്തായത്. അയര്‍ലന്‍ഡിനെതിരെ സീഷാന്‍ മഖ്സൂദ് എടുത്ത ക്യാച്ച് ലോകകപ്പിലെതന്നെ മികച്ച ക്യാച്ചുകളില്‍ ഒന്നായിരുന്നു.
ബംഗ്ളാദേശില്‍ നടന്ന ഏഷ്യാകപ്പ് ക്വാളിഫെയര്‍ റൗണ്ടിലും മികച്ച പോരാട്ടവീര്യം ഒമാന്‍ പുറത്തെടുത്തിരുന്നു.
ടീമിന്‍െറ പ്രകടനത്തില്‍ വളരെ സന്തുഷ്ടനാണെന്ന് ഒമാന്‍ ടീമിലെ റിസര്‍വ് പ്ളയറും മലയാളിയുമായ സിന്‍േറാ മൈക്കേല്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.