മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍  സുരക്ഷിത ബസ് സംവിധാനം ഉടന്‍

മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ സുരക്ഷിത ബസ് ഗതാഗത സംവിധാനം ഉടന്‍ നടപ്പാക്കും. അടുത്ത ജനുവരിമുതല്‍തന്നെ സംവിധാനം നിലവില്‍വരും. ആദ്യഘട്ടമായി മൂന്നു കേന്ദ്രങ്ങളില്‍നിന്നാണ് ബസ് സര്‍വിസ് ആരംഭിക്കുന്നത്. റൂവി, അല്‍ ഖുവൈര്‍, ദാര്‍സൈത്ത് എന്നിവിടങ്ങളില്‍നിന്നുവരുന്ന കുട്ടികളില്‍നിന്നാണ് ആദ്യഘട്ടത്തില്‍ രജിസ്ട്രേഷന്‍ സ്വീകരിക്കുന്നത്. അല്‍ ഖുവൈറില്‍നിന്ന് 27 റിയാലും റൂവി, ദാര്‍സൈത്ത് എന്നിവിടങ്ങളില്‍ നിന്ന് 17 റിയാലുമാണ് ഓരോരുത്തരില്‍നിന്നും ഈടാക്കുക. 
സ്കൂള്‍ നല്‍കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുകയും മാനേജ്മെന്‍റ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഈടാക്കാന്‍ തയാറാവുകയും ചെയ്യുന്ന ഒന്നിലധികം കമ്പനികള്‍ക്ക് സര്‍വിസ് നടത്താന്‍ അംഗീകാരം നല്‍കിയതായി സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ വി. ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. താല്‍പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്കൂള്‍ വിതരണം ചെയ്ത ഫോറം പൂരിപ്പിച്ച് ഈമാസം 16ന് മുമ്പ് ക്ളാസ് അധ്യാപകര്‍ക്ക് നല്‍കേണ്ടതാണ്. ആദ്യം പേരുനല്‍കുന്നവരെ ബസില്‍ ആദ്യം പരിഗണിക്കുക എന്ന നിലപാടാണ് സ്കൂളിനുള്ളത്. നിരക്കുകള്‍ മൂന്നു മാസത്തേത് ഒന്നിച്ച് അടക്കാനും സൗകര്യം  ഉണ്ടായിരിക്കും. സ്കൂളിലെ ഫീസ് കൗണ്ടറില്‍ തന്നെയാണ് ബസ് ഫീയും അടക്കേണ്ടത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് മുന്‍കൂറായി നിരക്കുകള്‍ അടക്കണം. അല്ലാത്ത ബസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ല. സ്കൂള്‍ ബസ് സര്‍വിസിനെപ്പറ്റി നിരവധി പരാതികള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് സ്കൂള്‍ നേരിട്ട് സര്‍വിസ് നടത്തണമെന്ന ആവശ്യം രക്ഷിതാക്കളില്‍നിന്നുയര്‍ന്നത്. 
തുടര്‍ന്നാണ് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍  ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലവും മറ്റുമുള്ള നിരവധി അപകടങ്ങളും നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലാണ്  ആദ്യമായി സുരക്ഷിത ബസ് സംവിധാനം പരീക്ഷിച്ചത്. 
ഇവിടെ സ്വകാര്യ കമ്പനികളും സര്‍വിസ് നടത്തുന്നുണ്ട്.  എന്നാല്‍, സ്കൂള്‍ ബസ് സംവിധാനത്തിന് അടുത്തിടെ സ്വീകാര്യത വര്‍ധിച്ചിരുന്നു. സുരക്ഷക്ക് ഏറെ മുന്‍ഗണന നല്‍കുന്നതാണ് പൂതിയ സ്കൂള്‍ ബസ് സംവിധാനം. ഇവ പൂര്‍ണമായി പാലിക്കുന്ന ബസുകള്‍ക്ക് മാത്രമാണ് സര്‍വിസ് നടത്താന്‍ അനുവാദം നല്‍കുക. ബസ് ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ പൂര്‍ണമായി വിലയിരുത്താന്‍ കഴിയുന്ന ഐ.വി.എം.എസ് സംവിധാനം ബസുകളില്‍ നിര്‍ബന്ധമാണ്. ബസിന്‍െറ അമിതവേഗം, ബ്രേക്കിടല്‍ തുടങ്ങി വാഹനം ഓടിക്കുന്നവരുടെ എല്ലാ വിവരങ്ങളും പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്നതാണ് ഐ.വി.എം.എസ് സംവിധാനം. കൂടാതെ, ബസില്‍ കാമറയും നിര്‍ബന്ധമാണ്. എല്ലാ കുട്ടികള്‍ക്കും ഇരിക്കാനുള്ള സീറ്റ് സംവിധാനം, സീറ്റ് ബെല്‍റ്റ് തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനവും പാലിച്ചിരിക്കണം. ഡ്രൈവര്‍ക്ക് പുറമെ കുട്ടികള്‍ക്കുവേണ്ട സൗകര്യം ചെയ്യാന്‍ സഹാഹിയും ഉണ്ടായിരിക്കണം. മസ്കത്ത് സ്കൂളില്‍ സംവിധാനം നടപ്പാവുന്നതോടെ എല്ലാ സ്കൂളിലേക്കും ബസ് സംവിധാനം വ്യാപിക്കുമെന്നും വില്‍സന്‍ പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.