ഒമാന്‍ ആകാശത്ത് വിമാനത്തിരക്കേറുന്നു

മസ്കത്ത്: ഒമാന്‍ ആകാശത്തില്‍ വിമാനങ്ങളുടെ തിരക്ക് വര്‍ധിച്ചുവരുന്നു. സിറിയയിലും ഇറാഖിലും അവസാനിക്കാത്ത സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് വിമാന കമ്പനികള്‍ സര്‍വിസുകള്‍ ഒമാന്‍ ആകാശത്തിലൂടെ തിരിച്ചുവിടുന്നത്. അധികദൂരം താണ്ടേണ്ടിവന്നാലും യുദ്ധമേഖലകള്‍ ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷിതത്വം ലക്ഷ്യമിട്ടാണ് വിമാനങ്ങള്‍ ദൈര്‍ഘ്യം കൂടുതലാണെങ്കിലും വഴിമാറി പറക്കുന്നത്. എല്ലാ രാജ്യങ്ങളുമായും ഒമാന്‍ തുടര്‍ന്നുവരുന്ന സ്നേഹപൂര്‍ണമായ ബന്ധം കണക്കിലെടുത്താണ് വിമാന കമ്പനികള്‍ സര്‍വിസിന് ഒമാന്‍ ആകാശം തെരഞ്ഞെടുക്കുന്നതെന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടവര്‍ ആന്‍ഡ് അപ്രോച്ച് റഡാര്‍ വിഭാഗം മേധാവി ഖാമിസ് അല്‍സദ്ജാലി പറഞ്ഞു. ഇന്ധനത്തിന്‍േറത് അടക്കം ചെലവുകള്‍ കുറക്കാന്‍ വിമാന കമ്പനികള്‍ സാധാരണ നേരിട്ടുള്ള റൂട്ടുകളാണ് തെരഞ്ഞെടുക്കാറ്. നേരിട്ടുള്ള റൂട്ടുകളില്‍ സംഘര്‍ഷ മേഖലകള്‍ വരുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കാനാണ് വിമാന കമ്പനികള്‍ താല്‍പര്യപ്പെടുക. അധിക ചെലവ് വന്നാലും ദൈര്‍ഘ്യമുള്ള റൂട്ടുകള്‍ തെരഞ്ഞെടുക്കാന്‍ വിമാന കമ്പനികളെ ഇത് നിര്‍ബന്ധിതമാക്കുന്നതായി അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിലെ യുദ്ധ സമയത്ത് അഫ്ഗാനിസ്താന്‍ ആകാശം അടച്ചിരുന്നു. 
അന്ന് അതുവഴിയുള്ള വിമാനങ്ങള്‍ മസ്കത്ത് ഫൈ്ളറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യന്‍െറ പരിധിയിലൂടെയാണ് കടന്നുപോയത്. ഒമാന്‍ ആകാശം സുരക്ഷിതമായ മേഖലകളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ പിഴവ് വലിയ അപകടങ്ങള്‍ക്കോ അപകട സാധ്യതകള്‍ക്കോ വഴി വെച്ചിട്ടില്ല. ലാന്‍ഡിങ് ഗിയര്‍ തകരാര്‍ അടക്കം വിമാനത്തിന്‍െറ സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍, ഈ അപകടങ്ങളില്‍ ഒന്നും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. എല്ലാ ഒമാനി വിമാനത്താവളങ്ങളിലും സുഗമമായ പ്രവര്‍ത്തനത്തിന് സഹായകരമായ എല്ലാവിധ ആധുനിക ഉപകരണങ്ങളുമുണ്ട്. ഒരു രാജ്യം അതിന്‍െറ ആകാശം വിമാനങ്ങള്‍ക്കായി തുറന്ന് നല്‍കുമ്പോള്‍ നൂതനമായ സാങ്കേതിക ഉപകരണങ്ങള്‍ക്ക് ഒപ്പം മികച്ച പരിശീലനം നേടിയ ജോലിക്കാരും ഉണ്ടാകേണ്ടതുണ്ട്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍െറ മാനദണ്ഡമനുസരിച്ച് രൂപംനല്‍കിയതാണ് ഒമാന്‍െറ വ്യോമഗതാഗത നിയമമെന്നും അല്‍ സദ്ജാലി പറഞ്ഞു. ദുബൈ വിമാനത്താവളത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്സ് വിമാനം ക്രാഷ്ലാന്‍ഡിങ് നടത്തിയതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവിടെനിന്നുള്ള നിരവധി വിമാനങ്ങള്‍ ഒമാന്‍ വഴി തിരിച്ചുവിട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് ദുബൈയില്‍നിന്ന് തിരിച്ചുവിട്ട ചില വിമാനങ്ങള്‍ മസ്കത്ത് വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.