മസ്കത്ത്: സുൽത്താനേറ്റ് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഗണ്യമായ വർധനയെന്ന് കണക്കുകൾ. 2022ൽ 29 ലക്ഷം ആളുകൾ ഒമാൻ സന്ദർശിച്ചു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 348 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
ഏറ്റവും കൂടുതലാളുകളെത്തിയത് യു.എ.ഇയിൽനിന്നാണ്. 19 ലക്ഷം ആളുകളാണ് യു.എ.ഇയിൽനിന്ന് ഇവിടെയെത്തിയത്. 3,55,460 സന്ദർശകരുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. യമൻ -1,06,529, ജർമനി -41,829 എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. രാജ്യത്തെ സ്റ്റാർ ഹോട്ടലുകളുടെ (3-5) വരുമാനം കഴിഞ്ഞവർഷം ഡിസംബർ അവസാനത്തോടെ 82.7 ശതമാനം വർധിച്ച് 1,85,772 റിയാലായി. ഹോട്ടലുകളിലെ അതിഥികളുടെ എണ്ണം 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33.6 ശതമാനത്തിന്റെ വർധനയാണുണ്ടായത്. താമസ നിരക്ക് 17.6 ശതമാനം ഉയർന്ന് 45 ശതമാനത്തിലുമെത്തി.
ഗൾഫ് അതിഥികളുടെ എണ്ണത്തിൽ 304 ശതമാനത്തിന്റെ ഉയർച്ചയുണ്ടായി. 2021 ഡിസംബർ അവസാനം 39,689 ആളുകളായിരുന്നു അതിഥികളായെത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഡിസംബർ അവസാനംവരെ ഇത് 1,60,340 ആയി വർധിച്ചു. തൊട്ടടുത്ത സ്ഥാനത്തുള്ളത് യൂറോപ്പിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ വർഷം 3,60, 339 ആളുകളാണ് യൂറോപ്പിൽനിന്ന് അതിഥികളായെത്തിയത്. 2021ൽ ഇത് 1,05, 558 ആയിരുന്നു. 241.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കൻ സഞ്ചാരികൾ 165.4 ശതമാനം ഉയർന്നു - 60,148.
മേഖലയിലെ പല വിനോദ സഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമാനിൽ സഞ്ചാരികളുടെ എണ്ണത്തിൽ പ്രകടമായ വർധന രേഖപ്പെടുത്തിയതായി ട്രാവൽ ഡേറ്റ, അനലിറ്റിക്സ് മേഖലയിലെ ലോകത്തെ മുൻനിര കമ്പനികളിലൊന്നായി കണക്കാക്കുന്ന സ്പെയിൻ ആസ്ഥാനമായുള്ള ഫോർവേഡ് കീസ് പറയുന്നു. 2022 നവംബർ, ഡിസംബർ മാസങ്ങളിലെ എയർലൈൻ ടിക്കറ്റ് റിസർവേഷനുകളെ കുറിച്ചുള്ള ഡേറ്റ വിശകലനത്തിലാണ് ഇക്കാര്യം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.