മസ്കത്ത്: കഴിഞ്ഞ വർഷം 659 ടണ്ണിലധികം ഗോതമ്പാണ് ദാഹിറ ഗവർണറേറ്റ് ഉൽപാദിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്സിലെ കാർഷിക വികസന വകുപ്പ് ഡയറക്ടർ എൻജിനീയർ ഖാലിദ് ഖമീസ് അൽ ഷമാഖി പറഞ്ഞു. 577 ഏക്കർ സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നത്.
ആധുനിക രീതിയിലുള്ള യന്ത്രങ്ങളും ജലസേചന സംവിധാനങ്ങളും ഉപയോഗിച്ചതിനാൽ ഉൽപാദനക്ഷമത വർധിപ്പിക്കാൻ സഹായകമായി. കാർഷിക കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്ന മികച്ച ഗുണനിലവാരമുള്ള വിത്തുകളായിരുന്നു ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രദേശങ്ങളിൽ കൃഷി ചെയ്തതിനാൽ വിളവെടുപ്പ് വേഗത്തിലാക്കാൻ വിളവെടുപ്പ് യന്ത്രങ്ങളും നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.2020ൽ സുൽത്താനേറ്റിൽ ഗോതമ്പ് ഉൽപാദനം 19 ശതമാനം വർധിച്ചിരുന്നു. 2020-2021 സീസണിൽ 2449 ഏക്കറിലായിരുന്നു ഗോതമ്പ് കൃഷി ചെയ്തിരുന്നത്.
ഇത് കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 19.6 ശതമാനം വർധനയാണ് കാണിക്കുന്നത്. കർഷകരുടെ എണ്ണത്തിലും 5.5 ശതമാനം വർധനയുണ്ടായി. ഏറ്റവും കൂടുതൽ ഗോതമ്പ് വിള ഉൽപാദിപ്പിച്ചിരിക്കുന്നത് ദാഖിലിയ ഗവർണറേറ്റാണ്. കർഷകരിൽനിന്ന് ടണ്ണിന് 500 റിയാൽ നിരക്കിൽ ഗോതമ്പ് വാങ്ങുന്നതിന് ഒമാൻ ഫ്ലോർ മിൽസ് കമ്പനിയുമായി ധാരണയിലെത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.