വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന ഫ​ല​ജു​ക​ളി​ലൊ​ന്ന്

വടക്കൻ ബാത്തിനയിൽ 78 ഫലജുകൾ പുനർനിർമിച്ചു

മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് കേടുപാട് സംഭവിച്ച വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഫലജുകൾ പുനർനിർമിച്ചതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. വിവിധ വിലായത്തുകളിലെ 78 ഫലജുകളുടെ അറ്റകുറ്റപ്പണിയും പുനരുദ്ധാരണവും പൂർത്തിയാക്കി. 20 ഫലജുകൾ പരിപാലിക്കുന്നതിനും പുനർനിർമാണം നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ശഹീൻ ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചത് ബാത്തിന മേഖലയിലായിരുന്നു.

രാജ്യത്തിന്‍റെ ഉന്നത ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗംകൂടിയാണ് ഫലജുകൾ. 2000 വർഷം മുമ്പുതന്നെ ഇത്തരം ഫലജുകൾ ഉപയോഗിച്ച് ഒമാനിൽ ജലസേചനം നടത്തിയിരുന്നു. പ്രകൃതിദത്ത നീരുറവകൾ കൈക്കനാലുകൾ വഴി തിരിച്ച് കൃഷിഭൂമിയിലെത്തിക്കുന്ന പുരാതന ജലസേചന രീതി ചരിത്രത്തിൽ ഇടം പിടിച്ചതാണ്. ഒമാനിലെ ഫലജുകൾ യുനസ്കോ പൈതൃക പദ്ധതിയിലും ഇടം പിടിച്ചിട്ടുണ്ട്.

ജലസേചന പദ്ധതികൾക്കായി മൂന്നുതരം പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. അണക്കെട്ടുകൾ നിർമിക്കലാണ് ഇതിൽ പ്രധാനം. മഴവെള്ളം സംഭരിക്കാനും വെള്ളപ്പൊക്കത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാനും പ്രകൃതിദത്ത സ്രോതസ്സുകളിൽനിന്നെത്തുന്ന ജലം പാഴാകാതിരിക്കാനും അണക്കെട്ടുകൾ സഹായിക്കും. ഫലജുകൾ സംരക്ഷിച്ച് അറ്റകുറ്റപ്പണി നടത്തുന്നതാണ് രണ്ടാമത്തേത്. കിണറുകൾ കുഴിക്കാൻ ലൈസൻസ് നൽകി ഭൂഗർഭ ജല നിരപ്പ് നിരീക്ഷിക്കുന്നതാണ് മൂന്നാമത്തെ പദ്ധതി. ബാത്തിന, ശർഖിയ, ദാഖിലിയ മേഖലയിലാണ് കൂടുതൽ ഫലജുകളുള്ളത്.

Tags:    
News Summary - 78 Falajs rebuilt in North Batina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.