മസ്കത്ത്: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ചവരിലെ രോഗ-മരണനിരക്കിനെ സംബന്ധിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കൂടുതലായി രോഗം ബാധിച്ചിരിക്കുന്നതും വാക്സിൻ സ്വീകരിക്കാത്തവരിലാണ്. രാജ്യത്ത് വാക്സിനേഷൻ വ്യാപകമാക്കിയത് മരണനിരക്കും കിടപ്പുരോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവിന് കരാണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5 ശതമാനമാണ് മരണനിരക്ക്. എന്നാൽ, രണ്ട് ഡോസ് എടുത്തവരിൽ 2.5 ശതമാനം ആളുകൾ മാത്രമാണ് മരിച്ചിട്ടുള്ളത്. വാക്സിൻ സ്വീകരിക്കാത്തവരിലെ രോഗനിരക്കും ഉയർന്നതാണെന്നും റിപ്പോർട്ട് കാണിക്കുന്നു.
രോഗം ബാധിച്ചവരിൽ 89 ശതമാനവും വാക്സിനെടുക്കാത്തവരാണ്. ഒരു ഡോസ് സ്വീകരിച്ച ഏഴ് ശതമാനം ആളുകൾക്കും രണ്ട് ഡോസെടുത്ത 2.5 ശതമാനംപേർക്കും മാത്രമാണ് കോവിഡ് ബാധിച്ചത്. 12 വയസ്സിന് മുകളിലുള്ള രാജ്യത്തെ ജനസംഖ്യയുടെ 94 ശതമാനം ആളുകൾ ഒന്നാം ഡോസ് വാക്സിൻ ലഭിച്ചു. 87 ശതമാനം ആളുകൾ രണ്ട് ഡോസും എടുത്തിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ബൂസ്റ്റർ ഡോസുകൾ വ്യാപകമാക്കുന്നതിലൂടെ രോഗ-മരണ നിരക്ക് കുറക്കാൻ കഴിയുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ കരുതുന്നത്. സ്വദേശികൾക്കും വിദേശികൾക്കും വിവിധ ഗവർണറേറ്റുകളിൽ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാരായ മലയാളികളടക്കമുള്ളവർക്ക് ആശ്വാസമാണ് ഇത്തരം ക്യാമ്പുകൾ. മൂന്നാം ഡോസായി ഫൈസർ വാക്സിനാണ് നൽകുന്നത്. എന്നാൽ, ആദ്യ രണ്ട് ഡോസ് ആസ്ട്രസെനഗ എടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഇതുതന്നെ സ്വീകരിക്കാമെന്ന് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഒമിക്രോണടക്കമുള്ള പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസ് അന്യവാര്യമാണെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.