മസ്കത്ത്: നീതിയിലധിഷ്ഠിതമായ ഒരു സാമൂഹികക്രമം രൂപപ്പെടുത്താൻ എല്ലാ മതവിഭാഗങ്ങളും ഒരുകുടക്കീഴിൽ അണിനിരക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി നിഷേധിക്കപ്പെടുന്നവർക്ക് താങ്ങായി മാറാൻ നമുക്ക് കഴിയണമെന്നും ബാവ പറഞ്ഞു. റുവി സെന്റ് തോമസ് ചർച്ചിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് മുഖ്യാതിഥിയായി. ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസിന്റെ ആശംസ സന്ദേശം സഹ വികാരി എബി ചാക്കോ വായിച്ചു.
അൽ അമാന ഡയറക്ടർ ജസ്റ്റിൻ മീയഴ്സ്, ഒമാനിലെ ക്ഷേത്ര ഭരണസമിതി ഡയറക്ടർ ബോർഡ് അംഗം കിരൺ ആഷർ, കെ.എം.സി.സി ഒമാൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ്, സലാല സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ബേസിൽ തോമസ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ് യോഹന്നാൻ, തോമസ് ഡാനിയേൽ, ഭദ്രാസന കൗൺസിൽ അംഗം ഡോ. സി. തോമസ് ഇടവക ട്രസ്റ്റി ജാബ്സൺ വർഗീസ്, സെക്രട്ടറി ബിജു പരുമല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.