മസ്കത്ത്: ബഹിരാകാശ രംഗത്ത് ഇന്ത്യയും ഒമാനും സഹകരിച്ച് പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായി പുതിയ ഭൗമ നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തു. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സൗദ് ബിൻ ഹമൂദ് അൽ മവാലിയുടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ (ഇസ്രോ) ആസ്ഥാനത്തെ സന്ദർശനത്തിലാണ് സുപ്രധാന ചുവടുവെപ്പിന് തുടക്കമായത്. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും ഐ.എസ്.ആർ.ഒയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളുടെ തുടക്കമായാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങളും പദ്ധതികളും നേരിട്ട് മനസ്സിലാക്കാനായിരുന്നു സന്ദർശനം. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥൻ അടക്കം കേന്ദ്രത്തിലെ വിവിധ ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും സഹകരണത്തിന്‍റെയും പങ്കാളിത്തത്തിന്‍റെയും സാധ്യതകൾ മന്ത്രി ചർച്ച ചെയ്തു.
ഭൗമ നിരീക്ഷണ പ്ലാറ്റ്ഫോം ഐ.എസ്.ആർ.ഒ വികസിപ്പിച്ച് ഒമാന് സമ്മാനിച്ചതാണ്. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ചിത്രങ്ങളും ഡാറ്റയും ഉൾപ്പെടുന്നതാണ് പ്ലാറ്റ്ഫോം. കൃഷി, ജലം, മത്സ്യബന്ധനം, ഗതാഗതം, പ്രകൃതി ദുരന്ത നിവാരണം, നഗരവികസനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ വികസന മേഖലകളുടെ ഉപയോഗത്തിന് ഇത് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സന്ദർശന വേളയിൽ ഒമാൻ സംഘം ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോൾ ആൻഡ് മോണിറ്ററിങ് സെന്ററും സന്ദർശിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനുള്ള തയാറെടുപ്പിനായി ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ക്യാപ്‌സ്യൂളിൽ നിന്ന് വേർപെടുത്തുന്ന ഘട്ടം നേരിട്ട് കാണുകയും ചെയ്തു.
ബഹിരാകാശ വ്യവസായത്തിൽ വിദഗ്ധരായ നിരവധി ഇന്ത്യൻ കമ്പനികളും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മേഖലയിലെ ചില വളർന്നുവരുന്ന ഇന്ത്യൻ കമ്പനികളും പങ്കെടുത്ത സംയുക്ത യോഗവും സന്ദർശനത്തിന്റെ ഭാഗമായി നടന്നു. ഒമാനി വിപണിയിൽ ലഭ്യമായ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം കമ്പനികളുടെ പ്രവർത്തനങ്ങളും സേവനങ്ങളും യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമായ ഇന്ത്യയും ഒമാനും തമ്മിൽ ബഹിരാകാശ മേഖലയിൽ കൂടുതൽ സഹകരണത്തിന് സന്ദർശനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.