മസ്കത്ത്: ജീവനക്കാരുടെ സമരം നിമിത്തം എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയതോടെ യാത്രക്കാരിൽ പലരും പകരം സർവിസുകൾ തേടാൻ തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുത്ത അത്യാവശ്യത്തിന് നാട്ടിൽ പോകേണ്ടവരാണ് മറ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത് നാടണയാൻ ശ്രമിക്കുന്നത്. അതിനിടെ മസ്കത്തിൽനിന്നുള്ള എല്ലാ സർവിസുകളും ബുധനാഴ്ചയും നിർത്തിവെച്ചത് ടിക്കറ്റെടുത്ത യാത്രക്കാർക്ക് വൻ തിരിച്ചടിയായി.
ഇതിൽ അടുത്ത ബന്ധുക്കളുടെ കല്യാണമടക്കമുള്ള ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കുന്നതടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ടവരാണ് മറ്റു വിമാനക്കമ്പനികളിൽ സീറ്റുകൾ അന്വേഷിക്കുന്നത്. ഇതോടെ സലാം എയർ അടക്കമുള്ള വിമാനങ്ങളിലും ടിക്കറ്റ് നിരക്കുകൾ ഉയർന്നു. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് 15 ാം തീയതി മുതൽ വൺവേക്ക് 78 റിയാലാണ് സലാം എയർ ഈടാക്കുന്നത്. തിരക്ക് വർധിച്ചാൽ നിരക്കുകൾ ഇനിയും വർധിക്കാനാണ് സാധ്യത.
എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ് സൈറ്റിൽ ടിക്കറ്റുകൾ കാണിക്കുന്നുണ്ടെങ്കിലും പലരും പുതുതായി ടിക്കറ്റെടുക്കാൻ മടിക്കുകയാണ്. വിമാന സർവിസുകളിലെ അനിശ്ചിതത്വമാണ് ഇതിനു കാരണം. സർവിസുകൾ മുടങ്ങിയാൽ തുക തിരിച്ച് കിട്ടാനുള്ള നൂലാമാലകളും പലരെയും ടിക്കറ്റെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയാണ്. സമരം അനിശ്ചിതമായി തുടരുന്നതോടെ ഒമാനിലെ ട്രാവൽ ഏജൻസികളിൽ പലരും എയർ ഇന്ത്യ എക്സ്പ്രസിന്റെ സേവനം നിർത്തിവെച്ചിട്ടുണ്ട്. തങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ഇഷ്യു ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണെന്ന് റൂവിയിലെ പ്രമുഖ ട്രാവൽ ഏജന്റ് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. സർവിസുകൾ പൂർണമായി പുനരാരംഭിക്കാതെ ടിക്കറ്റ് നൽകില്ലെന്നും ടിക്കറ്റ് എടുത്ത യാത്രക്കാരുടെ യാത്ര മുടങ്ങുന്നത് വൻ പ്രതിഷേധമുണ്ടാക്കുമെന്നും അതുകൊണ്ടാണ് ടിക്കറ്റ് ഇഷ്യു ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിൽ സ്കൂളുകൾ അടക്കാനിരിക്കെ നിരവധി പേരാണ് നാട്ടിലേക്ക് പോവാനിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ നിരവധി പേർ പരീക്ഷാ ഫലം കാത്തിരിക്കുകയും ഉപരിപഠനത്തിന് നാട്ടിൽ പോവാനിരിക്കുകയുമാണ്. ഇവരിൽ ബഹൂഭൂരിപക്ഷവും കുടുംബ സമേതമാണ് പോവുന്നത്. പലരും എയർ ഇന്ത്യ എക്സ്പ്രസിൽ നിരക്ക് വർധന ഒഴിവാക്കാൻ നേരത്തേ ടിക്കറ്റെടുത്തവരാണ്. നാട്ടിൽ പല യൂനിവേഴ്സിറ്റികളുടെയും എൻട്രൻസ് പരീക്ഷയും നടക്കാനിരിക്കുകയാണ്. എക്സ്പ്രസിന്റെ സർവിസുകൾ നിലക്കുന്നതോടെ ഏറെ സമ്മർദത്തിലാവുന്നത് ഇത്തരക്കാരാണ്. ഇവർക്ക് മറ്റ് വിമാനക്കമ്പനികളിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടിവരും. വൻ സാമ്പത്തിക നഷ്ടമാണ് സമരം ഇത്തരക്കാർക്ക് ഉണ്ടാക്കുന്നത്. എടുത്ത ടിക്കറ്റ് നിഷ്ഫലമാവുന്നതിന് പുറമെ ഉയർന്ന നിരക്കുകൾ നൽകി പുതിയ ടിക്കറ്റ് എടുക്കേണ്ട സാമ്പത്തികനഷ്ടവും ഇവർക്കുണ്ട്.
യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസുകൾ മുടങ്ങുന്നത് സാധാരണക്കാരെയാണ് ബാധിക്കുന്നത്. സർവിസുകൾ അനിശ്ചിതമായി മുടങ്ങുകയാണെങ്കിലും മറ്റ് വിമാനക്കമ്പനികളും നിരക്കുകൾ വർധിപ്പിക്കുമെന്ന് ഇവർ ഭയപ്പെടുന്നു. ഇത് സ്വന്തം നിലയിൽ ടിക്കറ്റെടുക്കുന്നവർക്ക് വൻ തിരിച്ചടിയാവും. ഇത്തരക്കാർക്ക് യാത്ര മാറ്റിവെക്കേണ്ടി വരും. നാട്ടിൽനിന്ന് ജോലിക്ക് കയറാൻ ടിക്കറ്റെടുത്തവർക്കും സമാനപ്രയാസമാണുള്ളത്.
മകളുടെ കല്യാണത്തിനു വേണ്ടി എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തിരുന്നുവെന്നും എന്നാൽ സർവിസ് നിർത്തിയത് കാരണം ബുധനാഴ്ച യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നും താമരശ്ശേരി സ്വദേശി പറഞ്ഞു. ഇപ്പോൾ യാത്ര നീട്ടിക്കൊണ്ട് പോവാൻ കഴിയില്ലെന്നും വൻ നഷ്ടമാണെങ്കിലും മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിസന്ധികളുള്ള നിരവധി പേരാണുള്ളത്. ഇവരെല്ലാം എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ഉടൻ അവസാനിപ്പിക്കണമെന്നും സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും ഇവർ അധികൃതരോട് ആവശ്യപ്പെടുകയാണ്. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് സാമൂഹിക പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.