മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്മൂലം വിമാനങ്ങൾ റദ്ദാക്കിയതോടെ മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത് 450 ആളുകളുടേത്. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-തിരുവനന്തപുരം, മസ്കത്ത്-കൊച്ചി എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.
അത്യവശ്യ കാര്യങ്ങൾക്കായി നാട്ടിൽപോകാൻ നിന്നവരെയായിരുന്നു വിമാനങ്ങളുടെ റദ്ദാക്കൽ ഏറെ വലച്ചത്. പലരും ചികിത്സക്കായും വീട്ടിലെയും മറ്റും അത്യാവശ്യങ്ങൾക്കായും തിരിച്ചവരായിരുന്നു. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്താണ് പല ഡോക്ടർമാരെയും ലഭിക്കുന്നതെന്നും ഇവരെ വീണ്ടും കിട്ടുക എന്നുള്ളത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണെന്ന് ചില യാത്രക്കാർ പറഞ്ഞു.
യാത്ര മുടങ്ങിയവരിൽ ഒമാനി പൗരൻമാരും ഉൾപ്പെടുന്നുണ്ട്. ഇവരും കേരളത്തിലേക്ക് ചികിത്സക്കായി തിരിച്ചവരായിരുന്നു. മസ്കത്ത് വിമാനത്താവളത്തിലും 35ഓളംപേരാണ് കുടുങ്ങിക്കിടക്കുന്നത്. സുഹാർ, ബുറൈമി, നിസ്വ, ഇബ്ര തുടങ്ങിയ ഒമാന്റെ ദൂരസ്ഥലങ്ങളിൽനിന്ന് പുലർച്ചെ എത്തിയവരായിരുന്നു ഇവരിലധികംപേരും.
തങ്ങൾക്ക് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഇവർക്കുവേണ്ട ഭക്ഷണങ്ങൾ മസ്കകത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകി. തുടർയാത്ര എപ്പോൾ നടത്താനാകുമെന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു വിവരവും ലഭിച്ചിട്ടിലെന്നും യാത്രക്കാർ പറഞ്ഞു.
മസ്കത്തിലേക്കുള്ള വിമാനം റദ്ദാക്കിയതിനാൽ തിരുവനന്തപുരം, കണ്ണൂർ, കൊച്ചി എന്നീ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെയാണ് വിമാനം റദ്ദാക്കിയതെന്നും തൊഴിൽ ആവശ്യങ്ങൾക്ക് പോകുന്നവരെയാണ് ഏറെ ദുരിതത്തിലാക്കിയതെന്നും യാത്രക്കാർ പറഞ്ഞു. ആദ്യ സമയങ്ങളിൽ വ്യക്തമായ മറുപടി നൽകാൻപോലും അധികൃതർ തയാറായിരുന്നില്ല.
വിസ കാലാവധിയടക്കം തീരുന്നവരുമുണ്ട് യാത്ര മുടങ്ങിയവരിൽ. തങ്ങളുടെ ജോലിയെന്താകുമെന്ന ആശങ്കയിലാണ് ഇവരിൽ പലരും. എമിഗ്രേഷൻ പൂർത്തിയാക്കി ബോർഡിങ് പാസ് കൊടുത്തതിനുശേഷമായിരുന്ന ഒരു മുന്നറിയിപ്പും ഇല്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽനിന്നുള്ള യാത്ര കാൻസൽ ചെയ്തിരുന്നത്. നൂറുകണക്കിന് യാത്രക്കാർ കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്ന അവസരത്തിൽ പെട്ടെന്നുണ്ടായ ഈ തീരുമാനം ഏറെ വലക്കുന്നതായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് കാണിക്കുന്ന ഇതുപോലുള്ള അവഗണന ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് യാത്രക്കാരനായ ഉസ്മാൻ അന്തിക്കാട് പറഞ്ഞു. നൂറുകണക്കിന് യാത്രക്കാർ വിവിധങ്ങളായ കാരണങ്ങളാൽ യാത്ര ചെയ്യുന്നവരാണ്. എന്നാൽ കൃത്യമായ പരിഹാര നിർദേശങ്ങൾ പോലും കൊടുക്കാതെയായിരുന്നു എയർ ഇന്ത്യ അധികൃതരുടെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
നിരുത്തരവാദപരമായ ഈ നടപടി ഒരിക്കലും നീതീകരിക്കാനാവുന്നതല്ല എന്ന് പൊതു പ്രവർത്തകനായ ഡോ. സജി ഉതുപ്പാൻ പറഞ്ഞു. പ്രധാന മന്ത്രിയും ഏവിയേഷൻ മന്ത്രിയും വിഷയത്തിൽ ഇടപെടണം. ഇന്ത്യൻ വിമാനങ്ങൾ മാത്രമാണ് ഇതുപോലെ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കുകയും യാത്രക്കാരോട് ഒരു രീതിയിലുള്ള പരിഗണനയും ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യാത്രക്കാർക്ക് അടുത്തദിവസങ്ങളിലായി ഇതേ ടിക്കറ്റ് ഉപയോഗിച്ച് സീറ്റ് ലഭ്യതക്ക് അനുസരിച്ച് യാത്രാ തീയതി തിരഞ്ഞെടുക്കാവുന്നതാണെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. അല്ലെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് തുക തിരിച്ചു നൽകുകയും ചെയ്യും. airindiaexpress.com വഴിയോ +91 6360012345 എന്ന നമ്പറിൽ വാടസ്ആപ് വഴിയോ റീഫണ്ടിന് അഭ്യർഥിക്കാം.
ഇന്നത്തെ കണ്ണൂർ, കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കി
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസിന്റെ വ്യാഴാഴ്ചത്തെ മസ്കത്തിൽനിന്നുള്ള കണ്ണൂർ, കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഐ.എക്സ് 338, ഐ.എക്സ് 714 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ, തിരുവനന്തപുരം, കൊച്ചി സർവിസുകളും ഒഴിവാക്കിയിരുന്നു.
ബദൽസംവിധാനം ഒരുക്കണം -അഹമ്മദ് റഹീസ്
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് റഹീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ നാല് എയർപോർട്ടുകളിൽനിന്നും ഇന്നലെ രാത്രിയും ഇന്നുമായി യാത്ര തുടങ്ങേണ്ട എയർ ഇന്ത്യ വിമാനങ്ങൾ ഒരുവിധ മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.
പ്രവാസികൾ പലരും തിരിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനും വിസ കാലാവധി അവസാനിക്കുന്നതും ഉൾപ്പെടെ പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ ഗൗരവപൂർവമായ ഇടപെടലുകൾ ബന്ധപ്പെട്ട അധികാരികൾ നടത്തണം. ബദൽ സംവിധാനം ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാറുകൾ മുന്നോട്ട് വരണമെന്നും മസ്കത്ത് കെ.എം.സി.സി ആവശ്യപ്പെട്ടു.
സർക്കാർ ഇടപെടണം - കൈരളി ഒമാൻ
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയതിൽ കൈരളി ഒമാൻ പ്രതിഷേധിച്ചു. വിസ കഴിയുന്നവരും അടിയന്താരാവശ്യങ്ങളുമായി യാത്ര ചെയ്യേണ്ടവരുമായ നിരവധിപേർ വിമാനങ്ങളില്ലാത്തതു മൂലം യാത്രചെയ്യാൻ കഴിയാതെ എയർപോർട്ടിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനായി എയർപോർട്ടിൽ എത്തിയപ്പോഴാണ് പലരും വിമാനങ്ങൾ റദ്ദ് ചെയ്യപ്പെട്ടതറിയുന്നത്. ഇത് യാത്രക്കാർക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ട് ഏറെയാണ്.
പലരുടെയും ജോലി പോലും നഷ്ടപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണുകയും പ്രവാസികൾക്ക് യാത്ര തുടരാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടതാണെന്ന് കൈരളി ഒമാൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പ്രവാസികളോടുള്ള ചതി -പ്രവാസി വെൽഫെയർ ഒമാൻ
മസ്കത്ത്: എയർ ഇന്ത്യയുടെ അപ്രതീക്ഷിത സമരം പ്രവാസികളോടുള്ള ചതിയാണെന്ന് പ്രവാസി വെൽഫെയർ ഒമാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കാലങ്ങളായി വിമാനക്കമ്പനികൾ അവധിക്കാല യാത്ര നിരക്ക് കൂട്ടിയും നിലവാരമില്ലാത്ത സർവിസ് നടത്തിയും പ്രവാസികളോടു കാണിക്കുന്ന ക്രൂരതയുടെയും അവഗണനയുടെയും തുടർച്ച മാത്രമാണിത്. അപ്രതീക്ഷിത യാത്രമുടക്ക് കാരണം, വിസ കാലാവധി കഴിഞ്ഞ് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കൂടാതെ വലിയ സാമ്പത്തിക പ്രയാസങ്ങളാണ് യാത്രക്കാർ അനുഭവിക്കേണ്ടിവന്നത്.
അടിയന്തരമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിഷയത്തിൽ ഇടപെട്ട്, സാമ്പത്തിക-തൊഴിൽ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരത്തിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഭാവിയിൽ ഇത്തരം പ്രയാസങ്ങൾ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.