കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്തുകൊണ്ടാണ് മലയാളിയോടുമാത്രം ഇത്ര വലിയ വിവേചനം. അവസാനം നമ്മുടെ മുഖ്യമന്ത്രി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കു കത്തയച്ചു കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുകയാണ്. ഡൽഹി സെക്ടറിലേക്കു 55 ഒമാനി റിയാൽ കാണിക്കുമ്പോൾ കേരളത്തിലേക്ക് 170-200നും ഇടയിൽ വിമാന നിരക്ക് കുതിച്ചുയരുമ്പോൾ കേരളീയ പ്രവാസിക്കുവേണ്ടി ആത്മാർഥമായി ശബ്ദിക്കുവാൻ ഒരാളുപോലും ഇല്ല.
കേരള ലോക്സഭ അംഗങ്ങൾ എന്നൊക്കെ ഇടക്ക് നമ്മൾ കേൾക്കാറുണ്ട്. രാഷ്ട്രീയ നേതാക്കൾ, മത സാംസ്കാരിക വ്യക്തിത്വങ്ങൾ ഇവർക്കൊക്കെ സ്വീകരണം നൽകുന്നതിൽ, അവരെ ആനയിച്ചു വരവേൽക്കുന്നതിലൊക്കെ ഇത്രമേൽ ശ്രദ്ധ കാണിക്കുന്നത് കേരളീയർ മാത്രമാണ്. മറ്റൊന്ന് ഈ അടുത്ത് യാത്രക്കാരിൽനിന്ന് ടിക്കറ്റ് നൽകാം എന്ന് പറഞ്ഞു ഗോഫസ്റ്റ് എയർവേസ് മേയ് മൂന്ന് മുതൽ സർവിസ് നിർത്തിയിരിക്കുകയാണ്.
ഗോഫസ്റ്റ് വിമാന സർവിസ് നടത്തിയപ്പോൾ സത്യത്തിൽ ടിക്കറ്റ് വില വളരെ കുറവായിരുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഗോഫസ്റ്റ് നിർത്തിയതുമുതൽ ട്രാവൽ ഏജൻസിക്കാർ ദിവസവും കസ്റ്റമറുടെ തെറികേട്ടുകൊണ്ടിരിക്കുന്ന അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
മറ്റ് വിമാന സർവിസുകാർ നിരക്ക് കൂട്ടുകയും ചെയ്തു. ഇവിടെയാണ് പ്രവാസിക്കുവേണ്ടി ശബ്ദിക്കാൻ ആളില്ലാത്ത അനാഥത്വം. പ്രവാസിയുടെ പേരിലും ഉണ്ട് നിരവധി കടലാസ് പാർട്ടികൾ. അതുകൊണ്ടൊന്നും കാര്യമില്ല. ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുപരിഹാരമാണോ എന്നറിയില്ല. അല്ലെങ്കിൽ യാത്ര നിർത്തിവെച്ചെങ്കിലും തൽകാലം ഈ പ്രശ്നം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പ്രവാസികൾ ഇനിയെങ്കിലും മുന്നോട്ടുവരണം. കൊല്ലാക്കൊല ചെയ്യുന്ന ഈ പ്രവണതക്കും ഒരു അറുതി വേണ്ടേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.