മസ്കത്ത്: കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിലേക്ക് സർവിസുകൾ വർധിക്കുന്നത് യാത്രക്കാർക്ക് അനുഗ്രഹമാവുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വേനൽ സീസണിൽ ഒമാൻ എയർ അടക്കമുള്ള വിമാന കമ്പനികൾ അധിക സർവിസുകളാണ് കേരളത്തിലേക്ക് നടത്തുന്നത്. കൂടാതെ സ്വകാര്യ വിമാന കമ്പനികളായ സലാം എയർ, ഗോ എയർ, ഇൻറിഗോ എന്നീ വിമാന കമ്പനികൾ സർവിസുകൾ നടത്തുന്നതും പ്രവാസികൾക്ക് ഉപകാരപ്രദമാവുകയാണ്. ഇതോടെ ടിക്കറ്റ് നിരക്കുകളും ജൂണിൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ, അടുത്ത മാസം ബലിപെരുന്നാൾ സീസൺ തിരക്ക് മുതലെടുത്ത് ചില വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിട്ടുണ്ട്.
സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഇന്ത്യൻ സെക്ടറിലേക്ക് വിമാന കമ്പനികൾ ഈടാക്കാറുള്ളത്. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ വേനൽ അവധി ആരംഭിക്കുന്നതു കാരണം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടിലേക്ക് പോവാറുണ്ട്. അതോടൊപ്പം, ഇന്ത്യയിലെ മഴയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാനും ഒമാനിലെ പൊള്ളുന്ന ചൂടിൽനിന്ന് രക്ഷപ്പെടാൻ സ്വദേശികളും ധാരാളമായി യാത്രചെയ്യാറുണ്ട്. ഇതൊക്കെ മുന്നിൽകണ്ട് വിമാന കമ്പനികൾ നിരക്കുകളും കുത്തനെ ഉയർത്താറുണ്ട്. ടിക്കറ്റിന്റെ ഉയർന്ന നിരക്കും ദൗർലഭ്യതയും കാരണം കുറഞ്ഞ വരുമാനക്കാരും സാധാരണ തൊഴിലാളികളും ജൂൺ, ജൂലൈ മാസത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ് ചെയ്തിരുന്നത്.
എന്നാൽ, ഈവർഷം സ്ഥിതിയാകെ മാറിയിരിക്കുന്നു. നിരവധി സ്വകാര്യ വിമാന കമ്പനികളും എയർ ഇന്ത്യയും കേരള സെക്ടറിലേക്ക് സർവിസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിൽ കാര്യമായ വർധന വേനൽ സീസണിൽ അനുഭവപ്പെടുന്നില്ല. വേനൽ സീസൺ മുന്നിൽകണ്ട് ചില വിമാന കമ്പനികൾ നേരത്തേ നിരക്ക് വർധിപ്പിച്ചിരുന്നെങ്കിലും ടിക്കറ്റുകൾ വിറ്റഴിയാത്തതുകൊണ്ട് വീണ്ടും കുറക്കുകയായിരുന്നു.
അടുത്ത ദിവസങ്ങളിൽ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും വൺവേക്ക് 70 റിയോലിനോടടുത്ത നിരക്കുകൾ മാത്രമാണ് എയർ ഇന്ത്യ എക്പ്രസ് അടക്കമുള്ള കമ്പനികൾ ഈടാക്കുന്നത്. എന്നാൽ, ബലിപെരുന്നാൾ പ്രമാണിച്ച് അടുത്ത മാസം ഒന്നുമുതൽ ഒമ്പതുവരെ ഉയർന്ന നിരക്കുകളാണ് വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്. ചില കമ്പനികൾ ഈ സീസണിൽ വൺവേക്ക് 135 റിയാൽവരെ ഈടാക്കുന്നുണ്ട്.
കേരളത്തിലേക്കുള്ള സർവിസുകളിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് സലാം എയറിന്റെ സലാല-കോഴിക്കോട് സർവിസിലാണ്. സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് 42.900 റിയാലണ് വരും ദിവസങ്ങളിലെല്ലാം സലാം എയർ ഈടാക്കുന്നത്. നിരക്കുകൾ കുറഞ്ഞത് കാരണം മസ്കത്തിൽനിന്ന് സലാല വഴി കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നവരും നിരവധിയാണ്. സലാം എയർ മസ്കത്തിൽനിന്ന് തിരുവനന്തപുരുത്തേക്കും സർവിസുകൾ നടത്തുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്കും കുറഞ്ഞ നിരക്ക് തന്നെയാണ് വാങ്ങുന്നത്. കഴിഞ്ഞദിവസങ്ങളിൽ കോഴിക്കോട്ടേക്ക് 55 റിയാലിനുവരെ ടിക്കറ്റുകൾ ലഭിച്ചിരുന്നു. നിലവിൽ ഈമാസം അവസാനം വരെ 61.200 റിയാൽ ആണ് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്.
സീസൺ പരിഗണിക്കുകയാണെങ്കിൽ ഇത് കുറഞ്ഞ നിരക്കാണ്. അടുത്തമാസം ആദ്യംമുതൽ ഒമ്പതുവരെ 115 റിയാൽവരെ ഈടാക്കുന്നുണ്ട്. നിലവിൽ കൊച്ചി 79 റിയാൽ, കണ്ണൂർ 70 , തിരുവനന്തപുരം 81 റിയാൽ എന്നിങ്ങനെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈമാസം അവസാനം വരെയുള്ള നിരക്കുകൾ.
ഏറെ യാത്രക്കാരുള്ള ഈ സീസണിൽ സാധാരണഗതിയിലെ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നത് വലിയ ആശ്വാസമാണെന്ന് പ്രവാസികൾ പറയുന്നു.
മുൻകാലങ്ങളിൽ ജൂൺ, ജൂലൈ മാസങ്ങളിലെ ഉയർന്ന നിരക്കുകൾ കാരണം യാത്ര പരമാവധി ഒഴിവാക്കലാണ് പതിവെന്ന് പഴയകാല പ്രവാസികൾ പറയുന്നു.
എന്നാൽ, കേരളത്തിലേക്ക് സ്വകാര്യ കമ്പനികൾ അടക്കം വിമാന സർവിസുകൾ വർധിപ്പിച്ചതാണ് നിരക്കുകൾ കുറയാൻ ഇടയാക്കിയതെന്ന് യാത്രാമേഖലയിലുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.