മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ശൈത്യകാല അവധിക്ക് വേണ്ടി അടക്കുന്നു. ഗൂബ്ര അടക്കമുള്ള പല സ്കൂളുകളിലും അവധി ആരംഭിച്ചു കഴിഞ്ഞു. സ്കൂളുകൾ ഈ വർഷം രണ്ടാഴ്ചത്തെ അവധി മാത്രമാണ് നൽകുന്നത്. അതിനാൽ പൊതുവെ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടിലേക്ക് പോവുന്നില്ല. എന്നാൽ, ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ നാട്ടിൽ പോവുന്നവരും നിരവധിയാണ്. ഇതോടെ മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ വർധിച്ചു.
ഈ മാസം 18 മുതൽ 25 വരെ കൊല്ലുന്ന നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. കോഴിക്കോട്ടേക്ക് ഒമാൻ എയർ ഈ മാസം 19ന് 146 റിയാലും 20ന് 468 റിയാലും 21ന് 222 റിയാലും 22ന് 187 റിയാലുമാണ് ഈടാക്കുന്നത്. 23ന് 119 റിയാലാണ് വൺവേ നിരക്ക്. ഈ മാസം 24 മുതലാണ് ഒമാൻ എയറിന്റെ കോഴിക്കോട്ടേക്കുള്ള നിരക്കുകൾ കുറയുന്നത്.
കൊച്ചിയിലേക്ക് ഒമാൻ എയർ ഈ മാസം 19ന് 119 റിയാലും 20ന് 481 റിയാലും 21ന് 172 റിയാലും 22ന് 105 റിയാലും 23ന് 119 റിയാലും 24ന് 119 റിയാലുമാണ് വൺവേക്ക് ഒമാൻ എയർ ഈടാക്കുന്നത്. ഒമാൻ എയർ തിരുവന്തപുരത്തേക്ക് 17ന് 318 റിയാലും 18ന് 135 റിയാലും 19ന് 293 റിയാലും 20ന് 627 റിയാലും 21ന് 293 റിയാലും 22ന് 135 റിയാലുമാണ് നിരക്ക്.
ബജറ്റ് വിമാന കമ്പനിയായ സലാം എയറും കോഴിക്കോട്ടേക്ക് ഉയർന്ന നിരക്കുകൾ തന്നെ ആണുള്ളത്. ഈ മാസം 18ന് കോഴിക്കോട്ടേക്ക് 110 റിയാലാണ് ഈടാക്കുന്നത്. 19ന് 179 റിയാലും 20,21 തീയതതികളിൽ 96 റിയാലും 22ന് 78 റിയാലുമാണ് സലാം എയർ വ ൺ വേക്ക് നൽകുന്ത്. ഈ മാസം 25 മുതൽ നിരക്കുകൾ താരതമ്യേന കുറയുന്നുണ്ട്. എയർ ഇന്ത്യ എക്പ്രസ് ഒളിഞ്ഞും തെളിഞ്ഞുമാണ് അവധിക്കാല നിരക്കുകൾ ഇടുന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി എയർ ഇന്ത്യ എക്പ്രസിന്റെ സെറ്റുകളിൽ നിരക്കുകൾ ലഭ്യമാവുന്നില്ല. എങ്കിലും അവധിക്കാലത്ത് വൺവേക്ക് 70 റിയാലിൽ കൂടിയ നിരക്കുകൾ തന്നെയാണ് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ നൽകുന്നത് . തിരവന്തപുരത്തേക്കാണ് എയർ ഇനത്യ എക്പ്രസ് ഏറ്റവും കൂടിയ നിരക്കുകൾ ഈടാക്കുന്നത്. കണ്ണൂരിലേക്കും 19 മുതൽ 24 വരെ കാലത്ത് 100 റിയാലിൽ കൂടിയ നിരക്കാണ് വൺവേക്കുള്ളത്.
വിമാന കമ്പനികൾ ഉയർന്ന നിരക്കുകൾ ഈടാക്കാൻ തുടങ്ങിയതോടെ പലരും യാത്രകൾ മാറ്റിവെക്കുന്നുണ്ട്. സ്കൂൾ അവധി കുറഞ്ഞതിനാൽ കുടുംബങ്ങൾ പലതും നാട്ടിലേക്ക് പോവുന്നുമില്ല. വളരെ അത്യാവശ്യമുള്ളവർ മാത്രമാണ് ഇപ്പോൾ നാട്ടിലേക്ക് പോവുന്നത്. അവധിക്കാലത്ത് ബജറ്റ് വിമാന കമ്പനികളും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.