മസ്കത്ത്: ദുബൈയിൽ നടക്കുന്ന ഗൾഫ് ട്വന്റി20 ടൂർണമെന്റിൽ ഒമാന് ത്രസിപ്പിക്കുന്ന ജയം. ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ബഹ്റൈനെതിരെ രണ്ട് റൺസിന്റെ വിജയമാണ് ഒമാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 131റൺസെടുത്ത് പുറത്താവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈനെ എട്ട് വിക്കറ്റിൽ 128 റൺസെന്ന നിലയിൽ ഒമാൻ പിടിച്ച് കെട്ടുകയായിരുന്നു. രണ്ട് വീതം വിക്കറ്റെടുത്ത ഷക്കീൽ അഹമ്മദ്, സമൈ ശ്രീനിവാസ്, ഒരുവിക്കറ്റെടുത്ത മെഹറാൻഖാൻ എന്നിവരുടെ പ്രകടനമാണ് ഒമാന് കൈവിട്ട വിജയം തിരിച്ചു പിടിക്കാനായത്. ഇതുവരെ നടന്ന മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി നാല് പോയന്റാണ് ഒമാനുള്ളത്.
താരതമ്യേന ചെറിയ സ്കോർ മറികടക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബഹ്റൈൻ. ഓപ്പണർമാർക്ക് കാര്യമായി ഒരു സംഭാവനയും ചെയ്യാനുണ്ടായിരുന്നില്ല. തുടർന്ന് ക്രീസിലെത്തിയ ആസിഫലി കളി തിരിച്ചുപിടിക്കുന്നതാണ് കണ്ടത്. ഒമാൻ ബാളർമാരെ കണക്കിന് പ്രഹരിച്ചു. അവിടെ ഒമാന്റെ രക്ഷകനായി അമീർ ഖലീം അവതരിച്ചു.
തകർപ്പൻ ഫോമിൽ നിൽക്കുന്ന ആസിഫിനെ കൂടാരം കയറ്റി. അഹ്മർ ബിൻ നാസിറും 25 (24), ഹൈദർ ബട്ടും 16 (20) ചെറിയ ശ്രമം നടത്തിനോക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. ഒമാൻ ബാളർമാർ വിക്കറ്റുകൾ പിഴുതുകൊണ്ടിരുന്നു. അവസാന ഓവറിൽ രണ്ട് റൺസ് അകലെ ജയമെന്ന ബഹ്റൈന്റെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാൻ മുഹമ്മദ് നദീം 47 (49) വിനായക് ശുക്ലയുടെയും 33 (24) എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ പടുത്തുയർത്തിയത്. ടൂർമെന്റിലെ നാലാം മത്സരത്തിൽ ഒമാൻ ഇന്ന് സൗദിയെ നേരിടും. ഒമാൻ സമയം രാവിലെ ഒമ്പതിനാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.