മസ്കത്ത്: വാദി കബീർ ഇന്ത്യൻ സ്കൂളിൽ ട്യൂഷൻ ഫീസ് വർധിപ്പിച്ചു. പ്രതിമാസം ഓരോ റിയാല്‍ വീതം അധികം ഈടാക്കും. പുതിയ അധ്യയന വർഷം മുതലായിരിക്കും ഫീസ് വർധന നടപ്പിൽ വരികയെന്ന് രക്ഷിതാക്കൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. പുതിയ നിരക്ക് പ്രകാരം നഴ്സറി ക്ലാസിലെ മാസാന്ത ഫീസ് 55 റിയാലായും കെ.ജി ക്ലാസുകളില്‍ 63 റിയാലായും വർധിക്കും.
ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ 65 റിയാലും ആറ് മുതല്‍ എട്ടുവരെ 66 റിയാലും ഒമ്പതാം ക്ലാസില്‍ 69 റിയാലും പത്താം ക്ലാസില്‍ 70 റിയാലുമാണ് ട്യൂഷന് ഫീസ് ഇനത്തില്‍ മാത്രം നല്‍കേണ്ടിവരിക. സ്കൂളില്‍ ട്യൂഷന് ഫീസിനൊപ്പം അനുബന്ധ ഫീസുകളും നല്‍കേണ്ടതുണ്ട്. അടുത്ത അധ്യായന വര്‍ഷം 12 റിയാലിന്റെ അധിക ബാധ്യതയാണ് ഇതുമൂലം രക്ഷിതാക്കള്ക്കുണ്ടാകുക.
നടപ്പ് അധ്യായന വര്‍ഷവും പ്രതിമാസം ഒരു റിയാല്‍ വീതവും കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ രണ്ട് റിയാല്‍ വീതവും ഫീസ് ഉയര്‍ത്തിയിരുന്നു.
സ്കൂളിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട പഠനാനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്നതിനുമാണ് ഫീസ് വര്‍ധനയെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. അക്കാദമിക് ഇന്‍ഫ്രാ സ്ട്രക്ചറുകള്‍ മെച്ചപ്പെടുത്തുന്നതിനും ആനുകൂല്യങ്ങളും മത്സരാധിഷ്ഠിത ശമ്പളവും നല്കി മികവുറ്റ ജീവനക്കാരെ നിയമിക്കുന്നതിനും ഫീസ് വര്‍ധന ആവശ്യമാണെന്നാണ് മാനേജ്മെന്റ് നിലപാട്. ഇവക്കെല്ലാം ഫീസ് വര്‍ധന ആവശ്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
കുട്ടികളുടെ ഗതാഗത ഫീസും മറ്റുമടക്കം ഒരു കുട്ടിയുടെ വാര്‍ഷിക വിദ്യാഭ്യാസ ചെലവ് ഒന്നര ലക്ഷം ഇന്ത്യന്‍ രൂപ കടക്കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഫീസ് വർധന അംഗീകരിക്കാൻ കഴിയില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽനിന്ന് പലരും ഇപ്പോഴും കരകയറിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ വളരെ പ്രയാസപ്പെട്ടാണ് ഫീസടച്ച് കൊണ്ടിരിക്കുന്നത്. ഇതിനുപുറമെയാണ് വീണ്ടും ഫീസ് ഉയർത്തിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി രക്ഷിതാക്കൾക്ക് കുട്ടികളെ നാട്ടിൽ ചേർക്കേണ്ട അവസ്ഥയാണന്നും രക്ഷിതാക്കൾ പറയുന്നു. മറ്റ് ഇന്ത്യൻ സ്കൂളുകളിലും ഫീസ് വർധനക്ക് നീക്കമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. സ്കൂൾ അധികൃതർ ഫീസ് വർധനയുമായി മുമ്പോട്ട് പോവുകയാണെങ്കിൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
ബർക്കയിലെ സ്കൂൾ കെട്ടിട കരാറിൽനിന്ന് പിന്മാറിയതിന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) കോടതി പിഴ വിധിച്ചിരുന്നു. ഇത് അടക്കാനായി ഫീസ് വർധിപ്പിക്കുമെന്ന് ആശങ്ക രക്ഷിതാക്കൾ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ഫീസ് വർധനയുണ്ടാവില്ലെന്നായിരിന്നു അറിയിച്ചിരുന്നത്. നിലവിൽ ഇതിനു വിപരീതമായിട്ടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും ചില സ്കൂളുകളിലെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട പരാതികള്‍ ബോര്‍ഡിന് മുന്നില്‍ എത്തിയിരുന്നെങ്കിലും വിദ്യര്‍ഥികള്‍ക്ക് എതിരായും സ്കൂളുകള്‍ക്ക് അനുകൂലമായിട്ടും ആയിരുന്നു ബോര്‍ഡ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.