ദോഹ: ടോക്യോയിൽ സമാപിച്ച പാരാലിമ്പിക്സിൽ മെഡൽ നേടിയ അബ്ദുൽറഹ്മാൻ അബ്ദുൽഖാദിറിന് ഖത്തറിൻെറ പരമോന്നത ബഹുമതിയായ 'അൽ വജ്ബ' പുരസ്കാരം. അമിരി ദിവാനിൽ നടന്ന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി പുരസ്കാരം സമ്മാനിച്ചു. പാരാലിമ്പിക്സ് ഷോട്ട്പുട്ടിൽ വെങ്കലമണിഞ്ഞ അബ്ദുൽ ഖാദിർ ഖത്തറിൻെറ ഏക മെഡൽ ജേതാവ് കൂടിയായിരുന്നു. നേരത്തേ 2016 റിയോ പാരാലിമ്പിക്സിൽ വെള്ളിയും 2017 ലോകചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയിരുന്നു. തുടർച്ചയായി രാജ്യാന്തര വേദികളിലെ മികവിനുള്ള അംഗീകാരമെന്നനിലയിലാണ് രാജ്യത്തിൻെറ പരമോന്നത ബഹുമതിക്ക് തെരഞ്ഞെടുത്തത്. പരിശീലകർ ഉൾപ്പെടെ പാരാലിമ്പിക്സ് ടീമിനെയും അമീർ അഭിനന്ദിച്ചു. ലോകത്ത് രാജ്യത്തിൻെറ മികവും യശസ്സും ഇനിയും ഉയർത്താനും സ്പോർട്സിൽ നേട്ടങ്ങൾ കൊയ്യാനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.