മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ കല്ലുമ്മക്കായ കഴിച്ചവർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിൽസയിലാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദോഫാറിലെ ബീച്ചുകളിൽ കടൽവെള്ളം ചുവന്ന നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസം ഉണ്ടായിരുന്നു. കടൽക്കറ എന്നറിയപ്പെടുന്ന ഇൗ പ്രതിഭാസം മൂലം കല്ലുമ്മക്കായയിൽ വിഷവസ്തുക്കൾ കടന്നുകൂടിയതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഛർദിൽ, വയറിളക്കം, നടക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ.
കല്ലുമ്മക്കായ കഴിച്ച് ആശുപത്രിയിലായവരിൽ മലയാളികളുമുണ്ടെന്ന് സലാലയിൽ താമസിക്കുന്നവർ പറയുന്നു. തലശേരി സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ ചികിൽസയിലായിരുന്നു. പകൽ വേലിയിറക്കം നടക്കുന്ന ഒക്ടോബർ, നവംബർ മാസങ്ങളിൽ േദാഫാറിലെ മലയാളികളുടെ പ്രധാന വിനോദമാണ് കടലിൽ ഇറങ്ങി കല്ലുമ്മക്കായ ശേഖരിക്കുന്നത്. തീരത്തെ പാറക്കെട്ടുകളിലും മറ്റും പറ്റിപിടിച്ചിരിക്കുന്ന ഇവയെ പറിച്ചെടുക്കുകയാണ് ചെയ്യുക. ഇങ്ങനെ കല്ലുമ്മക്കായ ശേഖരിച്ച് പാചകം ചെയ്ത് കഴിച്ചവർക്കാണ് വിഷബാധയേറ്റത്. കോവിഡ് വ്യാപനത്തെ തുടർന്ന് ബീച്ചുകളിലെ പ്രവേശനത്തിന് വിലക്കുള്ളതിനാൽ മലയാളികൾ ഇക്കുറി വ്യാപകമായി കല്ലുമ്മക്കായ പറിക്കാൻ ഇറങ്ങിയിരുന്നില്ല.
'റെഡ്ടൈഡ്' എന്നും അറിയപ്പെടുന്ന കടൽക്കറ ഉണ്ടായ മേഖലകളിൽ മൽസ്യബന്ധനം നടത്തരുതെന്നും ഇവിടെ നിന്ന് പിടിക്കുന്ന മൽസ്യവും ഷെൽഫിഷും കഴിക്കരുതെന്നും കാർഷിക-മൽസ്യ വിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്ലവകങ്ങളുടെ വൻതോതിലുള്ള സാന്നിധ്യം മൂലമുള്ള പ്രതിഭാസമാണിതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.