മസ്കത്ത്: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായുള്ള രജിസ്ട്രേഷന് കാമ്പയിന് തുടക്കമായി. ഫെബ്രുവരി 28 വരെയാണ് പരിപാടി. പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍.ആര്.കെ ഇന്‍ഷുറന്‍സ്, പ്രവാസി രക്ഷ ഇൻഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് പ്രത്യേക കാമ്പയിന് നടപ്പാക്കുന്നത്.
സംശയങ്ങള്‍ ദൂരീകരിക്കാനും കാര്‍ഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളില്‍ ഇടപെടാനും ഉതകുന്നതിനാണ് ഐ.ഡി കാര്‍ഡ് സേവനങ്ങള്‍.
വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് ലഭിക്കും. ആറുമാസമോ അതില്‍ കൂടുതലോ വിദേശത്ത് താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുള്ള വിസ, പാസ്പോര്‍ട്ട് എന്നിവയുള്ള പ്രവാസികള്‍ക്ക് പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കാം. മേല്‍ സേവനങ്ങള്‍ക്ക് ഇൻഷുറന്‍സ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://norkaroots.org വഴി സേവനങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കാള്‍ സർവിസ്), അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ് ഓഫിസ് 0471 2770543, 0471 2770528 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫിസ് സമയത്ത്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.