മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ കിരീടം ചൂടാനായില്ലെങ്കിലും ഒമാൻ മടങ്ങുന്നത് അഭിമാനത്തോടെ. ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച റെഡ് വാരിയേഴ്സ് ഫൈനലിൽ മാത്രമാണ് പരാജയപ്പെട്ടത്. കലാശക്കളിയുടെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ 3-2ന് പോരാടിയാണ് ഒമാൻ കീഴടങ്ങിയത്.
ഫൈനലിൽ ആതിഥേയർക്കെതിരെ പോരാടുമ്പോൾ സമ്മർദത്തിലാകുക എന്ന പതിവുരീതി തന്നെയാണ് ഇത്തവണയും വില്ലനായത്. 2004ൽ ഖത്തറിനെതിരെയും 2007ൽ യു.എ.ഇക്കെതിരെയും ഫൈനൽ കളിച്ചപ്പോഴുള്ള സമ്മർദം ഇന്നലെയും പ്രകടമായിരുന്നു. ഇറാഖിനായിരുന്നു കളിയുടെ തുടക്കത്തിൽ ആധിപത്യം. എന്നാൽ കൗണ്ടർ അറ്റാക്കിലൂടെ ഒമാൻ തിരിച്ചടിക്കാൻ തുടങ്ങിയെങ്കിലും 24ാം മിനിറ്റിൽ ഇബ്രാഹീം ബയേഷിലൂടെ ഇറാഖ് മുന്നിലെത്തി.
തുടർന്ന് പ്രതിരോധം ശക്തമാക്കിയ ഇറാഖ് ഒമാനെ കൂടുതൽ സമ്മർദത്തിലാക്കി. 85ാം മിനിറ്റിൽ ഒമാന്‍ അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ജമീൽ അൽ യമാദിക്ക് സമ്മർദം മൂലം ഗോളാക്കാൻ സാധിച്ചില്ല. എന്നാൽ, ഫൈനൽ വിസിലിനായി കാത്തുനിൽക്കേ ആരാധകരെ ആവേശത്തിലാഴ്ത്തി ഒമാന്‍ വീണ്ടും പെനാൽറ്റി ലഭിച്ചു.
ഇത്തവണ കിക്കെടുത്ത സാലാ അൽ യഹ്യായി പന്ത് ലക്ഷ്യത്തിലെത്തിച്ചു. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ, കളി അവസാനിക്കാൻ നാലു മിനിറ്റ് മാത്രം ശേഷിക്കെ പെനാൽറ്റിയിലൂടെ ഇറാഖ് വീണ്ടും മുന്നിലെത്തി. എന്നാൽ, എക്സ്ട്രാ ടൈം അവശേഷിക്കാൻ ഒരു മിനിറ്റ് മാത്രമുള്ളപ്പോൾ ഒമർ ബാൽ മൽക്കിയിലൂടെ ഒമാൻ സമനില പിടിച്ചു. മത്സരം പെനാൽറ്റി ഷൂട്ടിലേക്കു നീങ്ങുമെന്നുറപ്പായ ഘട്ടത്തിൽ 122ാം മിനിറ്റിൽ മനാഫ് യൂനിസിലൂടെ ഇറാഖ് വിജയകിരീടം ചൂടുകയായിരുന്നു. മത്സരത്തിൽ ഒരിക്കൽ പോലും ഒമാന്‍ ലീഡ് നേടാൻ ആയിരുന്നില്ല. എങ്കിലും കളിയുടെ ആധിപത്യം ഏറക്കുറെ ഒമാന്‍ തന്നെയായിരുന്നു. ഇറാഖ് 15 തവണയും ഒമാൻ 12 തവണയും ഷോട്ടുകൾ പായിച്ചപ്പോൾ ഒമാന്‍ പന്തിനുമേലുള്ള നിയന്ത്രണം 62ഉം ഇറാഖിന് 38 ശതമാനവുമായിരുന്നു.
സന്തുലിതം ഈ ടീം
ടൂർണമെന്റിലുടനീളം പ്രതിരോധവും മുന്നേറ്റവും മധ്യനിരയും എല്ലാം അവസരത്തിനൊത്തുയർന്നു. യമനുമായുള്ള മത്സരത്തിൽ മാത്രമാണ് പ്രതിരോധം അൽപം പാളിയത്. എന്നാൽ, ആ കളിയിൽപോലും ആത്യന്തിക വിജയം ഒമാനായിരുന്നു. പുതുരക്തങ്ങളെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാൻ പ്രാപ്തമാക്കി എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. ഇതിനു നൂറു ശതമാനം നന്ദി പറയേണ്ടത് കോച് ഫ്രാങ്കോ ഇവൻകോവിച്ചിനാണ്. കുറെ നാളുകളായി ഒമാൻ ഫുട്ബാൾ ടീം നേടിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ ആവർത്തനമാണിത്.
ഒമാൻ ടീമിനെ പ്രധാന ശക്തിയായി ഉയർത്തിക്കൊണ്ടുവന്നതിൽ ഏറെ കടപ്പെട്ടിരിക്കുന്നത് മെക്കാളെ എന്ന കോച്ചിനോടാണ്. അദ്ദേഹത്തിന് കീഴിലാണ് ഒമാൻ ആദ്യമായി ഗൾഫ് കപ്പ് ഫൈനലിൽ എത്തുന്നത്. 2004ൽ പിന്നീട്ട് 2007ലും ഫൈനലിൽ എത്തി. എന്നാൽ വിജയതീരത്തേക്ക് എത്തിക്കുന്നത് ലീ റോയ് എന്ന ഫ്രഞ്ച് കോച്ചിലൂടെയാണ്. 2009ലാണ് ഒമാൻ ആദ്യമായി ഗൾഫ് കപ്പ് നേടുന്നത്. അന്നൊക്കെ അലി അൽ ഹബ്സി എന്ന ഒമാന്റെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറെ ആശ്രയിച്ചായിരുന്നു പോരാട്ടങ്ങൾ. ഇന്ന് ഒരാളെ മാത്രം ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റം വന്നു. 2010, 2014, 2022 ലോകകപ്പുകളിൽ നിർഭാഗ്യംകൊണ്ടാണ് യോഗ്യത നേടാനാവാതെ പോയത്. 2026ലെ ലോകകപ്പ് പ്രാതിനിധ്യം ഉയരുമ്പോൾ ഒമാന്‍ യോഗ്യത നേടാൻ കഴിയും എന്ന ഉറച്ച വിശ്വാസമാണുള്ളത്. ഫിഫ അറബ് കപ്പ്, ജർമനിക്ക് എതിരായ സൗഹൃദ മത്സരം ഇതിലെല്ലാം മികച്ച പ്രകടനമാണ് ടീം നടത്തിയത്.
ഒമാനെ സംബന്ധിച്ച് ഇനിയുള്ള പ്രധാന മത്സരം ഈ വർഷം ജൂണിൽ ചൈനയിൽ ആരംഭിക്കുന്ന ഏഷ്യ കപ്പ് ഫുട്ബാളാണ്. ഇനി അത് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളായിരിക്കും ടീം നടത്തുക. ഏഷ്യ കപ്പുവരെ നിലവിലെ കോച്ച് തുടരും എന്നുറപ്പാണ്. ഇപ്പോൾ രാജ്യത്ത് ആഭ്യന്തര ഫുട്ബാളിന്റെ സീസണാണ്. സുൽത്താൻ കപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളുടെ പ്രാഥമിക പോരാട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ടീമിലെ പല പ്രമുഖ കളിക്കാരും രാജ്യത്തെ മുൻനിര ക്ലബുകളിൽ കളിക്കുന്നവരാണ്. ആഭ്യന്തര ലീഗിൽനിന്ന് അതിനുള്ളിൽ പുതിയ കളിക്കാരെ തേടി കോച്ച് ഇറങ്ങും. ഇനിയും പുതുരക്തങ്ങൾ ടീമിലേക്കു വരുമെന്നുറപ്പാണ്.
ഇബ്റാഹിം അല്‍ മുഖൈനി മികച്ച ഗോള്‍കീപ്പര്‍
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി ഒമാന്റെ ഇബ്റാഹിം അല്‍ മുഖൈനിയെ തിരഞ്ഞെടുത്തു.
ഒമാൻ ടീമിന്റെ ഫൈനൽ വരെയുള്ള മുന്നേറ്റത്തിൽ ചുക്കാൻ പിടിച്ച താരങ്ങളിലൊരാളായിരുന്നു ഈ യുവതാരം. ആദ്യ റൗണ്ടിലെ മത്സരങ്ങളിൽ ഗോളെന്നുറച്ച നിരവധി അവസരങ്ങൾ ഇദ്ദേഹത്തിന്റെ കൈയിൽ തട്ടി അകന്നിരുന്നു. ഫൈനലിലും മികച്ച പ്രകടനമാണ് മുഖൈനി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.