മസ്കത്ത്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ പ്രവാസികൾക്ക് നഷ്ടമായത് തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന നേതാവിനെ. പ്രവാസി സമൂഹവുമായി എല്ലാ കാലത്തും ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു ഇദ്ദേഹം. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽനിന്ന് വർഷങ്ങൾക്കു മുമ്പ് ഏതാനും ആളുകൾ ജോലി തേടി ഒമാനിലെ ദുകത്തെത്തിയിരുന്നു. മീൻ വിൽപനയാണ് തൊഴിൽ എന്നു പറഞ്ഞായിരുന്നു ഇവിടെ എത്തിച്ചത്.
എന്നാൽ, ഇവിടെ എത്തിയപ്പോഴാണ് പലരും അറിഞ്ഞത് കടലിൽ പോയി മീൻ പിടിക്കലാണ് ജോലിയെന്ന്. നീന്താൻപോലും വശമില്ലാത്തവരായിരുന്നു ഇവരിൽ പലരും. വിഷയം ശ്രദ്ധയിൽപെട്ടതോടെ അന്ന് മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് വിദേശകാര്യ മന്ത്രാലയവുമായും മസ്കത്തിലെ ഇന്ത്യൻ എംബസിയുമായും മറ്റും ബന്ധപ്പെട്ട് ഇവരെ സൗജന്യമായി നാട്ടിലെത്തിച്ചു. 2005ൽ ആണ് പാർട്ടി സംബന്ധമായ കാര്യങ്ങൾക്കായി അവസാനമായി ഒമാനിൽ എത്തുന്നത്.
കോൺഗ്രസ് അനുകൂല സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പരിപാടിയിൽ സംബന്ധിക്കാനായിരുന്നു എത്തിയത്. അന്ന് നേതൃനിരയിലുണ്ടായിരുന്ന എം.ജെ. സലീം, ഷാനവാസ് തിരുവത്ര, ബിബീഷ് ബേബി, മാത്യൂസ് പത്തനാപുരം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപായിരുന്നു നൽകിയത്. നർമം വിതറുന്ന വാക്കുകളിലൂടെ അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും പലരും ഓർമിക്കുന്നുണ്ട്. ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ ഒമാനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ അനുശോചിച്ചു.
മസ്കത്ത്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന് മുഹമ്മദിന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി അനുശോചിച്ചു.
തികഞ്ഞ മതേതര ജനാധിപത്യ വാദിയെയാണ് നഷ്ടമായതെന്ന് ഒ.ഐ.സി.സി നാഷനല്‍ പ്രസിഡന്റ് സജി ഔസേഫ്, ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സിയുടെ വിവിധ റീജനല്‍ കമ്മിറ്റി പ്രസിഡന്റുമാരായ മമ്മുട്ടി ഇടക്കുന്നം, അജോ കട്ടപ്പന, സതീഷ്, ജാക്സണ്, ടി.എസ്. ഡാനിയേല്‍, റെജി മണര്‍കാട്, ശ്രീധര്‍ ബാബു, സന്തോഷ് കുമാര്‍ എന്നിവരും അനുശോചനം അറിയിച്ചു. കോൺഗ്രസിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും ഉന്നതനായ രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായതെന്ന് ഒ.ഐ.സി.സി നേതാവ് സിദ്ദീഖ് ഹസൻ പറഞ്ഞു.
മസ്കത്ത്: മുൻ മന്ത്രിയും ദീർഘകാലം നിയമസഭ സാമാജികനുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ഒമാൻ അനുശോചിച്ചു. ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ കോൺഗ്രസ് പാർട്ടിയുടെയും കേരളത്തിന്റെയും കരുത്തനായ നേതാവിനെയാണ് നഷ്ടമായതെന്ന് പ്രവാസി വെൽഫെയർ കേന്ദ്ര കമ്മിറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.