മസ്കത്ത്: ജി.സി.സിയിലെയും ഇന്ത്യയിലെയും മുന്‍നിര സംയോജിത ആരോഗ്യപരിരക്ഷ ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ അത്യാധുനിക ആസ്റ്റര്‍ റോയല്‍ അല്‍റഫ മള്‍ട്ടിസ്പെഷാലിറ്റി ഹോസ്പിറ്റൽ മസ്കത്തിലെ ഗൂബ്രയില്‍ പ്രവര്‍ത്തനം തുടങ്ങി.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ സയ്യിദ് ഫഹര്‍ ബിന്‍ ഫാത്തിക് അല്‍ സഈദ് ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് സംബന്ധിച്ചു. ലോകോത്തര ആരോഗ്യസേവനങ്ങള്‍ ഒമാന്റെ ഹൃദയത്തോട് അടുപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സന്ദര്‍ഭമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
25,750 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ ആശുപത്രി 175 കിടക്കകളുള്ള മള്‍ട്ടി സ്പെഷാലിറ്റി തൃതീയ പരിചരണ കെയര്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഒമാനിലെ അഞ്ചു ദശലക്ഷം ജനങ്ങള്‍ക്ക് സേവനം നല്കാന് കഴിയുംവിധം നൂതന മെഡിക്കല്‍ സൗകര്യങ്ങളും സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഒമാനിലെയും മിഡില്‍ ഈസ്റ്റിലെയും ആരോഗ്യ പരിപാലന മേഖലയിലെ മികവിന്റെയും നവീകരണത്തിന്റെയും വഴികാട്ടിയാകും പുതിയ ആസ്റ്റര്‍ റോയല്‍ അല്‍റഫ ഹോസ്പിറ്റല്‍. ആശുപത്രിയില്‍ വിപുലമായ കാര്‍ഡിയാക് കെയര്‍, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി സെന്റര്‍, അഡ്വാന്‍സ്ഡ് യൂറോളജി സെന്റര്‍ (ഒമാനിലെ ആദ്യത്തെ തുലിയം ലേസര്‍ ഫീച്ചര്‍), ഡയാലിസിസ് എന്നിവക്കായുള്ള ലാബ് ഉള്‍പ്പെടെ നിരവധി പ്രത്യേക കേന്ദ്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സി.ആര്.ആര്.ടി, ന്യൂറോ സയന്‍സസ് സെന്റര്‍, സ്പോര്‍ട്സ് മെഡിസിന് ആൻഡ് ഓര്‍ത്തോപീഡിക്സ് സെന്റര്‍, ഇന്റര്‍വെന്‍ഷനല്‍ ഗ്യാസ്ട്രോ എന്ററോളജി, അഡ്വാന്‍സ്ഡ് തെറപ്യൂട്ടിക് എന്‍ഡോസ്കോപ്പി, മിനിമലി ഇന്‍വേസിവ് സര്‍ജറികള്‍, സാധാരണയുള്ള പ്രസവത്തില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യകേന്ദ്രം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് ഹോസ്പിറ്റല്‍ മാനേജ്മെന്റ് സിസ്റ്റങ്ങള്‍, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡുകള്‍, രോഗികളുടെ പരിചരണം വര്‍ധിപ്പിക്കുന്നതിനും മെഡിക്കല്‍ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുരക്ഷിതമായ പേഷ്യന്റ് പോര്‍ട്ടല്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സംയോജനവുമെല്ലാം ആസ്റ്റര്‍ റോയല്‍ അല്‍റഫ ഹോസ്പിറ്റലിലെ മറ്റു സവിശേഷതകളില്പ്പെടുന്നതാണ്. ലോകോത്തര ആരോഗ്യ സേവനങ്ങള്‍ ഒമാനില്‍ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഗുബ്രയിലുള്ള ആസ്റ്റര്‍ റോയല്‍ അല്‍ റഫ ആശുപത്രിയെന്ന് ഉദ്ഘാടന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. വിപുലമായ വൈദ്യസഹായം തേടുന്നതിനായി വിദേശയാത്ര ഒഴിവാക്കുന്നതിന് സുല്‍ത്താനേറ്റില്‍ നിന്നുള്ള നിരവധി രോഗികളെ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
14 വര്‍ഷം മുമ്പാണ് ഒമാനിലെ ഞങ്ങളുടെ യാത്ര ആരംഭിച്ചതെന്നും നാല് ആശുപത്രികളും ആറ് ക്ലിനിക്കുകളും ആറ് ഫാര്‍മസികളുമുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ എല്ലാംതന്നെ രാജ്യത്തെ ക്ലിനിക്കല്‍ മികവും രോഗികളുടെ അനുഭവപരിചയവും പുനര്‍നിര്‍വചിക്കാന്‍ തക്കവിധം സജ്ജമാണെന്നും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് പറഞ്ഞു.
ഒമാനിലെ ജനങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യപരിചരണം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഗുബ്രയിലെ ആസ്റ്റര്‍ റോയല്‍ അല്‍റഫ ഹോസ്പിറ്റലെന്നും അലീഷ മൂപ്പന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.