മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. അമ്പത് ഫെഡാൻ (51.5 ഏക്കർ) സ്ഥലത്താണ് കൃഷി ചെയ്തത്. മികച്ചയിനം വിത്തുകളും സമയബന്ധിതമായി നിർദേശങ്ങളും വിളവെടുപ്പ് സേവനങ്ങളും നൽകി ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സ് കർഷകർക്ക് മികച്ച പിന്തുണ നൽകി. കഴിഞ്ഞ സീസണിൽ ഗോതമ്പ് ഉൽപാദനം 70 മുതൽ 75 ടൺ വരെയായിരുന്നു കിട്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ വീശിയടിച്ച ശഹീൻ ചുഴലിക്കാറ്റ് കാരണം ഈ സീസണിൽ ഉൽപാദനം കുറയാനാണ് സാധ്യതയെന്ന് ഡയറക്ടറേറ്റ് പറഞ്ഞു. ശഹീൻ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത് ബാത്തിന മേഖലയിലായിരുന്നു. നിരവധി കൃഷി സ്ഥലങ്ങളാണ് കാറ്റിൽ നിലംപൊത്തിയത്. രാജ്യത്തിന്റെ 50 ശതമാനത്തോളം കൃഷി സ്ഥലങ്ങളും ബാത്തിന മേഖലയിലാണ്. ശഹീൻ വിതച്ച നാശത്തെ മറികടന്നാണ് ഈ മേഖലയിലുള്ളവർ കൃഷിയിറക്കിയത്. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ഈ വർഷത്തെ വിളവെടുപ്പിനെ കാണുന്നത്.
ഈ വർഷം കർഷകരിൽനിന്ന് ഗോതമ്പ് വിളകൾ ടണ്ണിന് 500 റിയാൽ നിരക്കിൽ വാങ്ങുന്നതിനായി ഒമാൻ ഫ്ലോർ മിൽസ് കമ്പനി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി അടുത്തിടെ കരാർ ഒപ്പുവെച്ചിരുന്നു. ഇത് കർഷകർക്ക് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്.
2020-2021 സീസണിൽ 2,649 ടൺ ഗോതമ്പാണ് ഒമാനിൽ ഉൽപാദിപ്പിച്ചത്. 2019-20 സീസണുമായി താരതമ്യം ചെയ്യുമ്പോൾ 19.6 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 2,449 ഏക്കറിലായിരുന്നു കഴിഞ്ഞ സീസണിൽ ഗോതമ്പ് കൃഷി ചെയ്തിരുന്നത്. കർഷകരുടെ എണ്ണം 5.5 ശതമാനം വർധിച്ച് 2020-21ൽ 3,067 ആയി ഉയരുകയുമുണ്ടായി. ഏറ്റവും കൂടുതൽ സ്ഥലങ്ങൾ ഗോതമ്പ് കൃഷി നടക്കുന്നത് ദാഖിലിയ്യ ഗവർണറേറ്റിലാണ്. ഒമാനിലെ ഗോതമ്പ് കൃഷിയുടെ 45 ശതമാനവും ഇവിടെയാണ് കൃഷി ചെയ്യുന്നത്. മൊത്തം ഗോതമ്പുൽപാദനത്തിന്റെ 55 ശതമാനവും ദാഖിലിയ്യ ഗവർണറേറ്റിൽ നിന്നാണ്. കഴിഞ്ഞ സീസണിൽ 1,465.6 ടൺ ഗോതമ്പാണ് ഇവിടെ ഉൽപാദിപ്പിച്ചത്.
രാജ്യത്തെ ഗോതമ്പുൽപാദനം മെച്ചപ്പെടുത്താൻ നിരവധി അന്താരാഷ്ട്ര, പ്രാദേശിക ഗവേഷക കേന്ദ്രങ്ങളുമായി മന്ത്രാലയം ബന്ധപ്പെടുകയും കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. പരിസ്ഥിതി പ്രശ്നം, ജനിതക പ്രശ്നം അടക്കമുള്ള കാർഷിക മേഖലയിലെ നിരവധി വെല്ലുവിളികൾക്ക് പരിഹാരം കാണാനും മന്ത്രാലയം ശ്രമിച്ചിരുന്നു.
സ്പ്രിങ്ളർ പോലുള്ള ജലസേചന സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അതുമൂലം കൃഷി വ്യാപനത്തിലും ഉൽപാദന വർധനവിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം ഗോതമ്പ് ഉൽപാദനം 3,000 ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.